KGF 2: ബോക്‌സ് ഓഫീസില്‍ കുതിച്ച് കെജിഎഫ് 2; വരുമാനം 1200 കോടി കടന്നു

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ് 2 ( KGF 2 ) . പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1200 കോടി കടന്നിരിക്കുകയാണ് കെജിഎഫ് 2. ഇതുവരെ 1204.37 കോടിയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സിനിമ റിലീസ് ആയി ആറാഴ്ച പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഈ നേട്ടം. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം കൂടിയായി കെജിഎഫ് 2.

യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ഠണ്ടന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ‘കെജിഎഫ് 2’.
ചികിത്സയിലായിരുന്ന സഞ്ജു ബാബയുടെ വലിയ തിരിച്ചു വരവിനാണ് ചിത്രം നിമിത്തമായത്.

പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നതിന്റെ മറ്റൊരു ഉദാഹരമാണ് ‘കെജിഎഫ് 2’ ഹിന്ദിപതിപ്പിന്റെ വന്‍ വിജയം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നുണ്ടെന്ന് താരങ്ങള്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ‘ബാഹുബലി’, ‘പുഷ്പ’ ‘ആര്‍.ആര്‍.ആര്‍’ ‘ഭീംല നായക്’ തുടങ്ങിയ ചിത്രങ്ങളും ബോളിവുഡ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം, കെജിഎഫിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.

‘പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തില്‍ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒരു മാര്‍വല്‍ യൂണിവേഴ്സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും’, എന്ന് നിര്‍മാതാവ് വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News