
പാൻ ഇന്ത്യൻ ചിത്രങ്ങളുടെ ഉള്ളടക്കത്തിൽ വന്ന മാറ്റങ്ങൾ കഥകളെയും നോവലുകളെയും സിനിമയിൽ നിന്നകറ്റാൻ കാരണമായെന്ന് പ്രശസ്ത സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാൽ പറഞ്ഞു. മുംബൈയിൽ നോവലിസ്റ്റ് ബാലകൃഷ്ണന്റെ എഴുത്തിന്റെ അര നൂറ്റാണ്ട് ആഘോഷിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ നഗരത്തെ അടയാളപ്പെടുത്തിയ ബാലകൃഷ്ണന്റെ നഗരത്തിന്റെ മുഖം എന്ന കൃതി പുറത്തിറങ്ങിയിട്ട് 50 വർഷം പിന്നിടുകയാണ് . എഴുത്തിൽ ഇപ്പോഴും സജീവമായ ബാലകൃഷ്ണന്റെ പുതിയ നോവൽ അസ്തമയത്തിന് നേരെ നടക്കുന്നവർ ഇറങ്ങിയത് ഈ വർഷമാണ്.
നവി മുംബൈ വാഷി കേരളാ ഹൌസിൽ യുവധാര സംഘടിപ്പിച്ച ചടങ്ങിൽ സിനിമാ സംവിധായകനും എഴുത്തുകാരനുമായ മധുപാൽ മുഖ്യാതിഥിയായിരുന്നു.
അഞ്ചു പതിറ്റാണ്ട് മുൻപ് എഴുതിയ നഗരത്തിന്റെ മുഖം ഇന്നും പ്രസക്തമാണെന്നും കാലത്തെ അതിജീവിച്ച കൃതിയാണെന്നും മധുപാൽ പറഞ്ഞു. പ്രവാസി എഴുത്തുകാരിൽ നിന്ന് മാറി ചിന്തിച്ചതാണ് ബാലകൃഷ്ണന്റെ രചനകളെ വ്യത്യസ്തമാക്കിയതെന്നും മധുപാൽ പറയുന്നു
സാഹിത്യവും സിനിമയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയുണ്ടെന്ന് കരുതുന്നില്ലെന്നും മധുപാൽ പറഞ്ഞു. സിനിമക്ക് സിനിമയുടേതായ ഒരു സാഹിത്യമുണ്ടാകുകയും ആഖ്യായന രീതിയിൽ വന്ന മാറ്റങ്ങളും കഥകളെയും നോവലുകളെയും സിനിമയിൽ നിന്ന് അകറ്റാൻ കാരണമായെന്നും മധുപാൽ സൂചിപ്പിച്ചു.
മുംബൈയുടെ ആത്മാവിനെ ഗാഢമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ സൃഷ്ടികളാണ് ബാലകൃഷ്ണന്റെ മിക്കവാറും രചനകളെന്നാണ് നിരൂപകൻ സജി എബ്രഹാം ചൂണ്ടിക്കാട്ടിയത്.
തന്നെ എഴുത്തുകാരനാക്കിയത് മുംബൈ എന്ന നഗരമാണെന്നും തന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണിതെന്നും നോവലിസ്റ്റ് ബാലകൃഷ്ണൻ പറഞ്ഞു.
മുംബൈയിലെ മലയാളം മിഷൻ കൺവീനർ കൂടിയായ നോവലിസ്റ്റ് ബാലകൃഷ്ണൻ മുംബൈ നഗരത്തിന്റെ സ്‌നേഹാദരവ് ഏറ്റു വാങ്ങുമ്പോൾ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു സദസ്സും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here