LPG Price : വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി

കുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.

പാചകവാതക വില ഡൽഹിയിൽ 1002 രൂപയും മുംബൈയിൽ 1003 രൂപയും കൊൽക്കത്തയിൽ 1029 രൂപയും ചെന്നൈയിൽ 1018 രൂപയുമാണ് വില. വാണിജ്യ സിലിണ്ടറിന് 7 രൂപയും കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2357.50 രൂപയായി.

മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്.

LPG : പാചക വാതക വിലവർധന ; മോദി സർക്കാരിനെതിരേ പ്രതിഷേധിക്കണമെന്ന് വീട്ടമ്മമാർ

(LPG )പാചക വാതക വിലവർധനവിൽ പൊറുതിമുട്ടി ജനം. വില വർധനവ് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ലെന്ന് വീട്ടമ്മമാർ. വീട്ടു വാടക,വീട്ടിലെ മറ്റ് ചെലവുകൾ.

എല്ലാം കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണ് പാചക വാതക വിലവർധനവും.കുടുംബ ബജറ്റ് താളം തെറ്റുമെന്നും മോദി സർക്കാരിനെതിരേ പ്രതിഷേധിക്കണമെന്നും വീട്ടമ്മമാർ പറയുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായി തുടരുന്നതിനിടെയാണ് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനം.

വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാൻ നൽകി വന്നിരുന്ന സബ്സിഡിയും ഇന്നില്ല. സബ്സിഡി അനർഹർക്ക് കിട്ടുന്നു എന്ന് ആരോപിച്ച് അദ്യം അത് ബാങ്ക് വഴിയാക്കി. പിന്നീടത് പൂർണമായി എടുത്തുകളഞ്ഞു. ഉജ്ജ്വല പദ്ധതി വഴി പാവപ്പെട്ടവന്‍റെ വീടുകളിലേക്ക് പാചക വാതകം എത്തിച്ചു എന്നാണ് അഭിമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.

പക്ഷേ , ഉജ്ജ്വല പദ്ധതിയിലൂടെ ഗ്യാസ് കണക്ഷൻ കിട്ടിയ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കും 1000 രൂപ നൽകിയാലേ പാചക വാതക സിലിണ്ടർ കിട്ടു. വിലയുടെ അഞ്ച് ശതമാനാണ് കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി. വില കൂടുമ്പോൾ സർക്കാരിന്‍റെ വരുമാനവും കൂടും. അതിനാൽ അന്താരാഷ്ട്ര വിപണിവില നോക്കി വില കൂട്ടാനുള്ള അനുമതിയാണ് എണ്ണക്കമ്പനികൾക്ക് സർക്കാർ നൽകുന്നത്.

തൊഴിലില്ലായ്മ ഏഴ് ശതമാനം വർദ്ധിച്ചെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന കണക്ക്. പ്രതിസന്ധികൾക്കിടെ ആർ.ബി.ഐ റിപ്പോ നിരക്കുകൾ കൂട്ടിയതും സാധാരണക്കാരന് തിരിച്ചടിയായി. ജനങ്ങളുടെ ജീവിത ചിലവിൽ പ്രതിമാസം അയ്യായിരം രൂപയുടേയെങ്കിലും വർദ്ധനയുണ്ടാക്കിയെന്നാണ് കണക്ക്. അത് വീണ്ടും കൂട്ടി കുടുംബ ബജറ്റുകൾ കൂടി തകർക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here