ഇ കെ നായനാർക്ക് പതിനെട്ടാം ചരമ വാർഷിക ദിനത്തിൽ നാടിന്റെ സ്മരണാഞ്ജലി

തൊഴിലാളി വർഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാർക്ക് പതിനെട്ടാം ചരമ വാർഷിക ദിനത്തിൽ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി കുടീരത്തിൽ  കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.പാർട്ടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തി.

ജനനായകന്റെ ശരീരം ചിതയേറ്റു വാങ്ങിയ പയ്യാമ്പലത്ത് സഖാവിന് മരണമില്ലെന്ന മുദ്രാവാക്യങ്ങൾ വീണ്ടും ഉയർന്നു.പതിനെട്ടാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി‌കുടീരത്തിൽ സി പി ഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

നായനാർ അക്കാദമിയിലെ നായനാർ പ്രതിമയിലും സി പി ഐഎം നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് ചേർന്ന അനുസ്മരണ യോഗം ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാത ഭേരിയോടെ പതാക ഉയർത്തി.

സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ,നായനാരുടെ കുടുംബാംഗങ്ങൾ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം പ്രകാശൻ മാസ്റ്റർ, പി വി ഗോപിനാഥ് തുടങ്ങിയവർ പയ്യാമ്പലത്തെ പുഷ്പാർച്ചനയിൽ പങ്കെടുത്തു.

നര്‍മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജന നായകനായി മാറിയ നായനാര്‍ ഓര്‍മയായിട്ട് ഇന്ന് 18 വര്‍ഷം

നര്‍മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ കേരളത്തിലെ ജന നായകനായി മാറിയ നായനാര്‍ ഓര്‍മ്മയായിട്ട് 2022, മേയ് 19ന് 18 വര്‍ഷം തികയുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ മനുഷ്യ സ്‌നേഹിയ്ക്ക് മലയാള മണ്ണ് നല്‍കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്നു. കണ്ണൂരിന്റെ വിപ്‌ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് നികത്തപ്പെടാതെ കിടക്കുമെന്നുറപ്പാണ്.

രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന് കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്.

എ.കെ.ജിയ്ക്കും ഇ.എം.എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്‌ളവ നേതാവും നായനാരായിരുന്നു. സമരത്തിലും അടിയന്തിരാവസ്ഥയിലുമെല്ലാം സജീവ പ്രവര്‍ത്തകനായിരുന്ന നായനാര്‍ മരിക്കുന്നതിനു തൊട്ടുമുമ്പു പോലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. വടക്കന്‍ മലബാറിന്റെ മലയാള സംസാര ശൈലിയിലൂടെ എതിരാളികളെ വാക്കുകളാല്‍ തോല്‍പ്പിച്ച നായനാര്‍ മികച്ച പ്രാസംഗികനും വാഗ്മിയുമായിരുന്നു. എഴുത്തുകാരനായും മാധ്യമ പ്രവര്‍ത്തകനായും കഴിവു തെളിയിച്ച നായനാര്‍ രാഷ്ട്രീയത്തിലെ തമാശക്കാരനായും തമാശക്കാരിലെ രാഷ്ട്രീയക്കാരനായും അറിയപ്പെട്ടു.

2004 മെയ് 19ന് ആയിരുന്നു ഇ കെ നായനാര്‍ വിട പറഞ്ഞത്. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാര്‍. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന റെക്കോഡും ഇ കെ നായനാര്‍ക്ക് സ്വന്തമാണ്.

കേരളത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതില്‍ മഹത്തായ സംഭാവന നല്‍കിയ നേതാവാണ് ഇ കെ നായനാര്‍. നന്നേ ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന നായനാര്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ഭാഗമായി. ദുര്‍ബല ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേല്‍ക്കോയ്മയ്ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പൊരുതി.

ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള സമരപ്രക്ഷോഭങ്ങളെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയവുമായി യോജിപ്പിക്കാനും നായനാര്‍ക്കായി. സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം,  മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു.

എല്ലാ വിഷയങ്ങളും തനതായ ശൈലിയിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാണ് നായനാർ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത്. കേരളചരിത്രത്തിൽ ഏറ്റവുമധികംനാൾ മന്ത്രിയായിരുന്ന വ്യക്തി. 1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ദീര്‍ഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് ആണ് നായനാരെ ജനപ്രിയനാക്കിയത്.

നായനാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സമ്പൂർണ്ണ സാക്ഷരതയിലേക്ക് കേരളം നീങ്ങിയത്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂൾ തുടങ്ങാനും പ്രയത്നിച്ചു. ആൾക്കൂട്ടത്തെ എന്നും തന്നിലേക്ക് ആകർഷിച്ച നായനാർ മരണത്തിലും ആ പതിവ് തെറ്റിച്ചില്ല. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് എത്തിച്ച ഭൗതികശരീരം ഒരു നോക്കു കാണാൻ അന്ന് ലക്ഷക്കണക്കിനാളുകളാണ് കേരളത്തിന്റെ പാതയോരങ്ങളിൽ തടിച്ചുകൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News