Dileepcase: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി: തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷൻ.ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു.ദിലീപിൻ്റെ ജാമ്യം റദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി ഹർജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. സാക്ഷികളെ സ്വാധീനിച്ചതുൾപ്പടെ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.

കൈവശമുള്ള തെളിവുകൾ ഏതൊക്കെയെന്നതിൻ്റെ വിശദാംശങ്ങളും കോടതിയെ അറിയിച്ചു.വധ ഗൂഢാലോചനക്കേസിൽ ദിലീപ്, പ്രതിയായി എന്നത് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഏറ്റവും വലിയ തെളിവാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. ഇതിനായി ദിലീപിൻ്റെ ഫോൺ സൈബർ ഹാക്കർ സായ് ശങ്കറിൻ്റെ ഐ മാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിനും തെളിവുണ്ട്.ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് 12 നമ്പറുകളിലേയ്ക്കുള്ള വാട്സാപ്പ് ചാറ്റുകൾ നശിപ്പിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു.

അങ്ങനെയെങ്കിൽ അത് ആരുടെയൊക്കെ നമ്പറാണെന്ന് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. മാത്രമല്ല ഫോറൻസിക് പരിശോധനയിൽ ലഭിച്ച ശബ്ദ രേഖകൾ ഏത് ഫോണിൽ നിന്ന് വീണ്ടെടുത്തതാണെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

തുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 26ലേയ്ക്ക് മാറ്റുകയായിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ചിൻ്റെ പുതിയ മേധാവി ഷേഖ് ദർവേഷ് സാഹിബിന് കൈമാറിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ADGP എസ്.ശ്രീജിത്തിൻ്റെ സ്ഥലംമാറ്റത്തെ തുടർന്നാണ് നടപടി.ADGP എസ് ശ്രീജിത്തിൻ്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാരക്കര സമർപ്പിച്ച ഹർജി കോടതി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.സ്ഥലം മാറ്റ ഉത്തരവും പുതിയ അന്വേഷണ ചുമതല സംബന്ധിച്ച വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകാൻഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here