നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വ‌ർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന് മൂന്നുവർഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്.

1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മർദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാൾ മരിച്ചു എന്നുമാണ് കേസ്. 99ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.

സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് മുൻ ക്രിക്കറ്റ് താരത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. സിദ്ദുവിനോട് ഉടൻ കീഴടങ്ങാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News