Thrissur: ബോഗികള്‍ വേര്‍പ്പെട്ടു; അശ്വതിയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

മംഗള എക്സ്പ്രസിന്റെ ബോഗികള്‍ യാത്രക്കിടെ തൃശ്ശൂര്‍ നഗരത്തിനടുത്ത് വേര്‍പെട്ടു. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധമാണ് മുറിഞ്ഞത്. ഗേറ്റ് കീപ്പര്‍ കെ.ആര്‍ അശ്വതി ഉടനെ അസി. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വളവില്ലാത്ത നിരപ്പായ സ്ഥലമായതിനാല്‍ അപകടം ഒഴിവായി.

ബുധനാഴ്ച ഉച്ചയ്ക്ക് 2.47-ന് കോട്ടപ്പുറം റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന 12617 നമ്പര്‍ മംഗളയുടെ കോച്ചുകളാണ് വേര്‍പെട്ടത്.

കോച്ചുകള്‍ വേര്‍പെടുമ്പോഴുള്ള സിഗ്നലും നിര്‍ത്താതെയുള്ള വിസിലടിയും ശ്രദ്ധയില്‍പ്പെട്ട അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പിന്നിലെ ഗാര്‍ഡിന് ഉടന്‍ സന്ദേശം കൈമാറി. ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ 22 കോച്ചുകളും 50 മീറ്റര്‍ കൂടി നീങ്ങിയശേഷം നിന്നു. ഈ കോച്ചുകള്‍ നിന്നശേഷമാണ് എന്‍ജിന്‍ നിര്‍ത്തിയത്.

ഗാര്‍ഡും അസിസ്റ്റന്റ് ലോക്കോപൈലറ്റും എത്തി ബോഗികള്‍ വീണ്ടും ഘടിപ്പിച്ചു. 15 മിനിറ്റ് തീവണ്ടി ഇവിടെ കിടക്കേണ്ടിവന്നു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശശീന്ദ്രനും സംഘവും സ്ഥലത്തെത്തിയിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമാണ് വണ്ടി യാത്ര തുടര്‍ന്നത്. ബോഗികള്‍ വേര്‍പെട്ട സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പതിവുപോലെ ഗേറ്റടച്ച് കെ.ആര്‍. അശ്വതിയെന്ന ഗേറ്റ് കീപ്പര്‍ മംഗള എക്സ്പ്രസിന്റെ വരവും നോക്കി നിന്നു. തൃശ്ശൂരില്‍നിന്ന് വിട്ട വണ്ടി വേഗംകുറച്ചാണ് വന്നിരുന്നത്. ഗേറ്റിന്റെ ഒത്തനടുക്ക് എത്തിയപ്പോള്‍ ഒന്നാമത്തെ ബോഗിയില്‍നിന്ന് പിന്നിലുള്ള 22 ബോഗികളും വേര്‍പെടുന്ന കാഴ്ചയാണ് കണ്ടത്.

തന്റെ മുന്നിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അതിന്റെ മെക്കാനിക്കല്‍ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടോയെന്ന് ഒരു ഗേറ്റ് കീപ്പറുടെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരിക്കണം. അങ്ങനെയാണ് തീവണ്ടി രണ്ടാവുന്നത് അശ്വതി കണ്ടത്.

പാളത്തിന്റെ വശത്തേക്ക് ഓടിയെത്തി നിര്‍ത്താതെ വിസിലടിച്ചുകൊണ്ട് കൈകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. ഇതാണ് ഇത്തരം സാഹചര്യത്തില്‍ ചെയ്യേണ്ടത്. ഗേറ്റിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജനലിലൂടെ ദൃഷ്ടിയില്‍നിന്നു മറയുന്നതുവരെ ഗേറ്റ് കീപ്പറെ നോക്കിക്കൊണ്ടിരിക്കണമെന്നാണ് റെയില്‍വേ ചട്ടം. ബോഗികള്‍ വേര്‍പെട്ടതറിയാതെ കോട്ടപ്പുറം ഗേറ്റിലൂടെ മുന്നോട്ടുനീങ്ങിയ മംഗളയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അശ്വതിയുടെ സിഗ്നലില്‍നിന്ന് പെട്ടെന്ന് കാര്യം മനസ്സിലാക്കി.

ബോഗികള്‍ വേര്‍പെട്ടത് മനസ്സിലാക്കിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഏറ്റവും പിന്നിലുള്ള ഗാര്‍ഡിന് വോക്കിടോക്കിയിലൂടെ സന്ദേശം നല്‍കി. ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ ഗേറ്റില്‍നിന്ന് 50 മീറ്റര്‍ കൂടി നീങ്ങിയശേഷം ബോഗികള്‍ നിന്നു. ഇവിടെനിന്ന് 350 മീറ്റര്‍ അകലെയാണ് എന്‍ജിനും അതോടൊപ്പമുള്ള ഒരു ബോഗിയും നിര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News