E K Nayanar: ഇ കെ നായനാരുടെ വീട്ടില്‍ കള്ളന്‍ കയറിയപ്പോള്‍; നായനാരുടെ ഓര്‍മകളില്‍ റിട്ടയേര്‍ഡ് ഐ ജി ഗോപിനാഥ്

ഇ കെ നായനാരുടെ(E K Nayanar) എളിമയും എന്തിനെയും ലാഘവത്തോടെ കാണാനുള്ള കഴിവും എന്നും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരത്തില്‍ സഖാവ് നായനാരെക്കുറിച്ചുള്ള രസകരമായ ഓര്‍മ പുതുക്കുകയാണ് റിട്ടയേര്‍ഡ് ഐ ജി ഗോപിനാഥ്. മുഖ്യമന്ത്രിയായിരിക്കെ നായനാരുടെ വീട്ടില്‍ മോഷണം നടന്നതും തുടര്‍ന്നുള്ള നായനാരുടെ രസകരമായ പ്രതികരണവുമാണ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ വീട്ടില്‍ മോഷണം നടന്നു എന്ന വിവരം പറയാനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് DYSP അതിരാവിലെ വിളിച്ചുണര്‍ത്തിയത് . ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി . മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്യാശ്ശേരിയിലെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത് . കുറെ പാത്രങ്ങളും മറ്റും മോഷ്ടിക്കപ്പെട്ടു എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞത് . അന്നേ ദിവസം പുലര്‍ച്ചക്ക് മുഖ്യമന്ത്രി കണ്ണൂരില്‍ സന്ദര്‍ശനത്തിന് എത്തുന്നു .
മോഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്റലിജന്‍സ് മേധാവിയെയും , ഡി ജി പി യെയും അറിയിച്ചു .കണ്ണൂര്‍ എസ് പി എന്ന നിലയില്‍ ഏറെ ടെന്‍ഷന്‍ അനുഭവിച്ച മണിക്കൂറുകള്‍. പൊലീസിന്റെ ഗുരുതരമായ വീഴ്ചയായി ചിത്രീകരിക്കപ്പെട്ടു .തിരുവനന്തപുരത്തുനിന്നും ഇടതടവില്ലാതെ ഫോണ്‍ കോളുകള്‍ .ഉടന്‍ തന്നെ കല്യാശ്ശേരിക്ക് പുറപ്പെട്ടു .അവിടെ എത്തുന്നതുവരെ സീനിയര്‍ ഓഫീസേഴ്‌സിന്റെയും കീഴുദ്യോഗസ്ഥരുടെയും ഫോണ്‍വിളികള്‍ ആയിരുന്നു. വിഷയം മോഷണം തന്നെ. വിശദീകരണം നല്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതിനാല്‍ കുറ്റപ്പെടുത്തലുകളും കേട്ടിരിക്കേണ്ടി വന്നു .അവിടെയെത്തി വിശദാംശങ്ങള്‍ അറിയിക്കാമെന്ന് ഡി ജി പി ക്ക് മറുപടി നല്‍കി .
ഞാന്‍ കല്യാശേരിയില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. മുറ്റം നിറയെ പൊലീസ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും. പൊലീസ് ഓഫീസര്‍്മാരോട് വിവരങ്ങള്‍ ആരാഞ്ഞു .മുഖ്യമന്ത്രിയെക്കണ്ടു വിവരം പറയാന്‍ അകത്തേക്ക് കയറി .മുഖ്യമന്ത്രി പേപ്പര്‍ വായനയിലാണ് . പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ഒപ്പമുണ്ട് .മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആശങ്കയോടെ സ്വീകരണമുറിയില്‍ കയറി .സല്യൂട്ട് ചെയ്തു . വായിച്ചുകൊണ്ടിരുന്ന പേപ്പറില്‍ നിന്നും തലയുയര്‍ത്തി എന്നോടായി, ‘എന്താടോ ?’
ഞാന്‍ മോഷണം നടന്ന വിവരം പറഞ്ഞു . വീടിന് പുറത്തിട്ടിരുന്ന കുറെ പാത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത് .’ഞാന്‍ ഓളോട് പറയാറുണ്ട് സൂക്ഷിക്കണമെന്ന്. ഇല്ലാത്തൊരായിരിക്കും എടുത്തത് ‘ വളരെ ലാഘവത്തോടെയുള്ള മറുപടി . കേസ് എടുത്തു അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹത്തെ അറിയിച്ചു .തന്‍ കാപ്പി കുടിച്ചോടൊ? അടുത്ത ചോദ്യം. എനിക്ക് ഞെട്ടലാണുണ്ടായത്. കുടിച്ചുവെന്നോ കുടിച്ചില്ലെന്നോ പറയാനുള്ള മനസ്സാന്നിധ്യം എനിക്കുണ്ടായില്ല .

അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു ശാരദാസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ DySP ഉടനെ DGP യെ വിളിക്കണം എന്ന അദ്ദേഹത്തിന്റെ നിര്‍ദേശം അറിയിച്ചു .ഫോണില്‍ വിളിച്ചു ഡിജിപിയോട് വിവരങ്ങള്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ആശങ്ക അങ്ങിനെ ഒഴിഞ്ഞുപോയി. മുഖ്യമന്ത്രി എന്നതിനേക്കാള്‍ നായനാര്‍ എന്ന മനുഷ്യനെ അടുത്തറിഞ്ഞ അവസരം.

നായനാര്‍ സാറിനെപ്പറ്റി പറയുമ്പോള്‍ ഏറെ പറയേണ്ടി വരും . വിസ്താരഭയത്താല്‍ അതിലേക്കൊന്നും കടക്കുന്നില്ല .മനസ്സില്‍ തട്ടിയ ഒരു രംഗം കൂടി ഓര്‍മിപ്പിക്കുന്നു .ഗൗരവമേറിയ കാര്യം പോലും നര്‍മ്മം കലര്‍ത്തി ആളുകള്‍ക്ക് രസിക്കുന്ന തരത്തില്‍ അവതരിപ്പിക്കുന്ന നായനാര്‍ ശൈലി കേരളീയര്‍ക്ക് സുപരിചിതം ആണല്ലോ .കാസര്‍കോഡ് ഒരു പൊതുയോഗത്തില്‍ നായനാര്‍ സാറിന്റെ പ്രസംഗം .സംസ്ഥാന ബഡ്ജറ്റില്‍ കന്നുകാലികള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയ വിഷയം .ആയിരക്കണക്കിന് കന്നുകാലികളാണ് ഓരോ ദിവസവും കേരളത്തിലെത്തുന്നത്. അവയൊക്കെ ചെന്നെത്തുന്നത് അറവുശാലകളിലും .”ഞങ്ങള്‍ അവരോട് പറഞ്ഞു സര്‍ക്കാരിന്റെ സ്ഥിതിയൊക്കെ മോശാ. നിങ്ങള്‍ എന്തായാലും മരിക്കാന്‍
പോകുവാ ഒരു റുപ്യാ വീതം സര്‍ക്കാരിന് തന്നൂടെ ?”

ചെക്പോസ്റ്റ് കടന്നു റോഡില്‍ നടന്നുപോകുമ്പോള്‍ അവരെല്ലാം തലയാട്ടി സമ്മതിച്ചു. അങ്ങനെ നമ്മള് ഒരു റുപ്യാ സെസ്സ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം വച്ചു .അപ്പോഴേക്കും പ്രതിപക്ഷം ഇളകിയല്ലോ പ്രതിഷേധവുമായി . നമ്മള്‍ക്ക് അപ്പോഴാ മനസ്സിലായത് ഈ ബീഫ് ഒക്കെ തിന്നുന്നത് ആരാണെന്ന് . നമ്മള്‍ അതുകൊണ്ട് സെസ് വേണ്ടെന്ന് വച്ചു നിറുത്താതെ കയ്യടികളോടെയാണ് സദസ്സ് ആഘോഷിച്ചത് .
നായനാര്‍ സാറിന്റെ സ്ഥാനം നാം മലയാളികളുടെ ഹൃദയത്തിലാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News