പിണറായിയുടെ തുടർഭരണം ‘ടൺ കണക്കിന് വികസനം’

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പിലേക്കാണ് രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത് ,ജനക്ഷേമം മുഖമുദ്രയാക്കിയ ജനകീയ ഭരണം ഒരു വർഷം പിന്നിടുമ്പോൾ സർക്കാർ സഹായം ലഭിക്കാത്ത ഒരു വീടും കേരളത്തിലില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച 20808 വീടുകളുടെ താക്കോൽദാനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20808 വീടുകളുടെ പൂര്‍ത്തീകരിച്ചത്.

രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ നൂറ് ദിനങ്ങളില്‍ 15,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നാളിതുവരെ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 32,500 കവിഞ്ഞു. കൊല്ലത്ത് ഈമാസം 31 നു നടക്കുന്ന പട്ടയ മേളയിൽ ആകെ വിതരണം ചെയ്ത പട്ടയങ്ങളുടെ കണക്ക് മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങൾ വിതരണം ചെയ്താണ് സാധാരണക്കാരനെ ഭൂമിയുടെ അവകാശിയാക്കിയത്.

വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മിയാവാക്കി മാതൃകയിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്ന ‘ജനവനം’ പദ്ധതി വരും തലമുറയെ കൂടി മുന്നിൽ കണ്ടുള്ളതാണ്.എന്നാൽ രാജ്യത്തിൻറെ ഭാവി തലമുറയെ വാർത്തെടുക്കുവാൻ എന്നും മുന്നിൽ തന്നെയാണ് പിണറായി സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കായികലോകത്തെ വലിയ മുന്നേറ്റത്തിനാണ് മലപ്പുറം വേദിയായ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തുടക്കമിട്ടത് . ചാമ്പ്യൻഷിപ്പിന്റെ തുടർച്ചയായി 5 ലക്ഷം കുട്ടികളെയാണ് സർക്കാർ ഫുട്ബോൾ മേഖലയിൽ വളർത്തിയെടുക്കുന്നത്.

കടലിനും കായലിനും കുറുകെയുള്ള ദക്ഷിണേന്ത്യയിലെ എറ്റവും വലിയ പാലമായ വലിയഴിക്കൽ പാലം മുഖ്യമന്ത്രി ജനങ്ങൾക്കായ് തുറന്നുകൊടുത്തത് ചരിത്ര സംഭവമായ് മാറി .കൊല്ലം ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് വലിയഴീക്കല്‍ പാലം നിര്‍മാണത്തിലൂടെ സഫലമായത്. വലിയഴീക്കലില്‍ നിന്ന് അഴീക്കലേക്കുള്ള യാത്രയയില്‍ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ സാധിക്കുന്നതിനു പുറമെ ടൂറിസം മേഖലയിലും പുതു സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ പദ്ധതി.

സർക്കാർ പദ്ധതികളുടെ കൈതാങ്ങിൽ വയനാട്ടിൽ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ് .2021 നെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർദ്ധനവാണ് മെയ്‌ അവസാനം വരെ ഉണ്ടായത്.അവധിക്കാലത്ത്‌ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങിയത് പതിനായിരങ്ങളാണ്.

അതേസമയം എറണാകുളം ചെല്ലാനം നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ജീവിത ദുരിതത്തിന്‌ ശാശ്വത പരിഹാരമാവുകയാണ് രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വർഷം പൂർത്തിയാകുമ്പോൾ. 65 കിലോമീറ്ററോളം ദൂരത്തില്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കടല്‍ക്ഷോഭം നേരിടുന്നതിനുള്ള സ്ഥിരം സംവിധാനമാണ്‌ ഇവിടെ തയാറാകുന്നത്‌. കിഫ്‌ബി സഹായത്തോടെ 344 കോടി രൂപ മുതല്‍മുടക്കില്‍ വിദഗ്‌ദ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന ജലവിഭവ വകുപ്പ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

പ്രതിസന്ധികൾക്കിടയിലും റബർ കർഷകരെ ചേർത്തുപിടിച്ച് രണ്ടാം പിണറായി സർക്കാർ. റബറിന് താങ്ങുവില ഉയർത്തിയതും കേരള റബർ ലിമിറ്റഡിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചും റബ്ബർ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനായി.കർഷകദ്രോഹ നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുമ്പോഴാണ് സംസ്ഥാന സർക്കാരിൻറെ ആശ്വാസ നടപടികൾ.

സംസ്ഥാനത്ത് നടപ്പിലാക്കിയ മിൽക്ക് ഷെഡ് ഡെവലപ്മെൻ്റ് പദ്ധതിയ്ക്ക് ഇന്ന് ക്ഷീര കർഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് മികച്ച സ്വീകാര്യത. സബ്സിഡി ഉൾപ്പെടെയുള്ള ആകർഷകമായ കൂടുതൽ ആനുകൂല്യങ്ങൾ കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷീര വികസന വകുപ്പ്.രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണമേഖലയിൽ മേഖലയിൽ 28000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. കേന്ദ്രസർക്കാർ സഹകരണ മേഖലയെ സംശയത്തിൻ്റെ നിഴലിൽ നിർത്തുമ്പോളാണ് സംസ്ഥാനം മാതൃകാപരമായ നടപടികളുമായി മുന്നോട്ടു പോകുന്നത്.

എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കാൻ വികസന വിരോധികൾ ഒന്നിച്ചു നിന്നിട്ടും ഒന്നും സംഭവിച്ചില്ല . സർക്കാരിന്റെ പുതിയ സംരംഭമായ കെഎസ്ആർടിസി സ്വിഫ്റ്റ് വിവാദങ്ങളെ തള്ളി വിജയകുതിപ്പ് തുടരുന്നു. 3 കോടി രൂപയാണ് ഒരു മാസത്തെ വരുമാനം. സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ കെ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറക്കി ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകാൻ തയ്യാറെടുക്കുകയാണ് സർക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News