ദുരിത കയത്തിൽ നിന്നും കരകയറാൻ ചെല്ലാനം നിവാസികൾക്ക് കൈത്താങ്ങായി പിണറായി സർക്കാർ

എറണാകുളം ചെല്ലാനം നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ജീവിത ദുരിതത്തിന്‌ ശാശ്വത പരിഹാരമാവുകയാണ് രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വർഷം പൂർത്തിയാകുമ്പോൾ. 65 കിലോമീറ്ററോളം ദൂരത്തില്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കടല്‍ക്ഷോഭം നേരിടുന്നതിനുള്ള സ്ഥിരം സംവിധാനമാണ്‌ ഇവിടെ തയാറാകുന്നത്‌. കിഫ്‌ബി സഹായത്തോടെ 344 കോടി രൂപ മുതല്‍മുടക്കില്‍ വിദഗ്‌ദ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന ജലവിഭവ വകുപ്പ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

ഓരോ മഴക്കാലത്തെയും ഭീതിയോടെയായിരുന്നു എറണാകുളം ചെല്ലാനം നിവാസികള്‍ വരവേറ്റിരുന്നത്‌. മഴകനത്താല്‍, കടല്‍ പിണങ്ങിയാല്‍, കാറ്റ്‌ വീശിയാല്‍ തല ചായ്‌ക്കാനുള്ളയിടം അവര്‍ക്ക്‌ നഷ്ടമായിരുന്നു. വെള്ളം കയറി മുങ്ങിയ വീടും സ്വന്തമായുള്ളതെല്ലാം വിട്ടെറിഞ്ഞ്‌ പിന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌. ആയിരക്കണക്കിന്‌ സാധാരണക്കാരുടെ ഈ ദീര്‍ഘകാല പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം നടപ്പാക്കുകയാണ്‌ രണ്ടാം പിണറായി സര്‍ക്കാരിന്‌ കീഴില്‍ ജലവിഭവ വകുപ്പ്‌.

സംസ്ഥാനത്തെ ഒന്‍പത്‌ ജില്ലകളിലായി 576 കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍ തീരത്ത്‌ 65 കിലോമീറ്ററിലാണ്‌ അടിയന്തിര കടല്‍ സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്‌. 5300 കോടിയാണ്‌ ഈ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്‌. ആദ്യം പദ്ധതി നടപ്പാക്കുന്ന ചെല്ലാനത്ത്‌ മാത്രം 344 കോടി ഇതില്‍ നിന്നു വിനിയോഗിക്കും. തങ്ങളുടെ ദുരിത ജീവിതത്തിന്‌ പരിഹാരമാകുന്നതിന്റെ പ്രതീക്ഷ പങ്കു വെയ്‌ക്കുകയാണ്‌ പ്രദേശവാസികള്‍.

ടെട്രാപാഡ്‌, ജിയോട്യൂബുകള്‍ എന്നിവ ഉപയോഗിച്ച്‌ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്‌ കടലേറ്റത്തെ പ്രതിരോധിക്കുക. 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും, കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ട്‌ നിര്‍മാണവും പൂര്‍ത്തീകരിക്കും. വേബ്രിഡ്‌ജുകളുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്‌.

ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ വിദഗ്‌ദ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതി തയാറാക്കിയിരിക്കുന്നത്‌. വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ പദ്ധതിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News