Meera Nair: ‘ഒരു സിനിമാ നടിയെന്ന രീതിയില്‍ മാത്രമേ അഭിനയിക്കു എന്ന് ചിന്തിക്കുന്ന ഒരാളല്ല ഞാന്‍’; മീരാ നായര്‍ പറയുന്നു…

സ്‌നേഹ ബെന്നി

സിനിമയിലേക്കുള്ള ആദ്യക്ഷണം സത്യന്‍ അന്തിക്കാടിന്റെ ലോക്കേഷനില്‍ നിന്ന്

‘ഞാന്‍ പ്രകാശനിലെ വേഷം ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയ കഥാപാത്രമായിരുന്നു. അപ്പോഴും ഞാന്‍ കരുതിയിരുന്നില്ല ഇതായിരിക്കും ഇനി മുന്നോട്ടുള്ള വഴിയെന്ന്. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയായതു കൊണ്ടാണ് ചെയ്തത്. ഇങ്ങോട്ട് വിളിച്ചു പറയുമ്പോള്‍ എങ്ങനെ വേണ്ടെന്ന് പറയും. അദ്ദേഹത്തെ പൊലൊരു സംവിധായകന്റെ അടുത്ത് നിന്ന് തുടങ്ങാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അതിനു ശേഷവും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് ശരിക്കും ഇഷ്ടം തോന്നി തുടങ്ങിയത്. ഇപ്പോഴിത് നന്നായി ആസ്വദിക്കുന്നുണ്ട്. ഇതുവരെ ചെയ്ത ജോലികളെല്ലാം വച്ച് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഇത് തന്നെയാണ്. അതുപോലെ ഒരുപാട് ക്രിയേറ്റിവായിട്ട് നില്‍ക്കുന്ന ആള്‍ക്കാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം വേറൊന്നാണ്. ആ വൈബ് ശരിക്കും ആസ്വദിക്കുന്നുണ്ട്”.

ക്ഷണികത്തിലേക്കുള്ള ക്ഷണം

ക്ഷണികത്തിലേക്ക് കടന്നു വരുന്നത് എന്റെ ഒരു സുഹൃത്ത് വഴിയാണ്. ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ അഡ്വ. ശ്രീലക്ഷ്മി എന്നാണ്. ജുവല്‍ മേരി ചെയ്യുന്ന കഥാപാത്രത്തിന്റെ വളരെ അടുത്ത സുഹൃത്താണ് ശ്രീലക്ഷ്മി. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു വിഷയം സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. അത്തരത്തിലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ട്.

പുസ്തകങ്ങളും പുരസ്‌കാരങ്ങളും

ആദ്യപുസ്തകം ഗ്രേ ബോണ്‍ വെന്‍ ബ്ലാക്ക് ഇന്‍വാടിഡ് വൈറ്റ.് 50 കവിതകളുടെ കളക്ഷനാണ് ബുക്ക്.ഈ ബുക്കിന് ന്യൂസ് ഇന്ത്യ യംഗ് റൈറ്റേഴ്സ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ ‘എന്‍ ബഡി’, ‘പോയറ്ററി വെന്‍ഡിംഗ് മെഷീന്‍’ തുടങ്ങി രണ്ട് കവിതാ സംഹാരങ്ങള്‍ കൂടിയുണ്ട് . കൂടാതെ നല്ല ആന്തോളജീസിന്റെ ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്

സോഷ്യല്‍ മീഡിയയും കവിതകളും

വളരെ താമസിച്ച് സോഷ്യല്‍ മീഡിയിയിലേക്ക് എത്തിയ ആളാണ് ഞാന്‍. വെറുതെ ഒരു നേരംപോക്കിനു വേണ്ടി കവിതകളൊക്കെ പോസ്റ്റ് ചെയ്ത് തുടങ്ങിയതാണ്. സോഷ്യല്‍ മീഡിയയില്‍ കവിതകളൊക്കെ ഇടുമ്പോള്‍ വളരെ പോസിറ്റീവായിച്ചുള്ള റെസ്പോണ്‍സാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് എന്റെ എഴുത്തിനെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി എഴുത്തുമായി ബന്ധപ്പെട്ട ഒരുപാട് സുഹൃത്തുക്കളെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സച്ചിദാനന്ദന്‍ സാറിനെ പൊലുള്ള ആളുകളൊക്കെ പോസ്റ്റിന് താഴെ വന്ന് അഭിപ്രായം പറയുമ്പോള്‍ അത് വളരെ പ്രചോദനം ആകാറുണ്ട്. അദ്ദേഹത്തെ പോലെ ലെജന്റ് ആയിട്ടുള്ള
ആളുകളൊക്കെ അഭിപ്രായം പറയുമ്പോള്‍ നമ്മള്‍ എഴുതുന്നതിനൊക്കെ ഒരു വാല്യു ഉണ്ടെന്ന് തോന്നാറുണ്ട്.

ഡാന്‍സ് ക്ലാസുകളും നൃത്തവേദികളും

സ്‌കൂളിലും കോളേജിലുമൊക്കെ നൃത്തം പഠിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവല്‍ മത്സരങ്ങളൊന്നും ലക്ഷ്യമിട്ടായിരുന്നില്ല നൃത്തം പഠിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹിനിയാട്ടം വീണ്ടും പഠിക്കാന്‍ തുടങ്ങി. നൃത്തം ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. കുറച്ച് വേദികളിലൊക്കെ നൃത്തം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

ചെയ്യാന്‍ കൂടുതല്‍ താല്പര്യമുള്ള മേഖല

എഴുത്ത് എന്നു പറയുന്നത് പ്രത്യേക സമയം കണ്ടെത്തി ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. കവിത മനസിലേക്ക് വരുമ്പോള്‍ എഴുതാന്‍ സാധിക്കുന്ന ഒന്നാണ്. അഭിനയത്തിന്റെ തിരക്ക് കൂടി വരുന്നതിനാല്‍ ഡാന്‍സ് ക്ലാസിലൊന്നും ഇപ്പോള്‍ സ്ഥിരമായി പോകാന്‍ കഴിയുന്നില്ല പക്ഷെ സാധിക്കുന്ന സമയങ്ങളിലൊക്കെ ഞാന്‍ ക്ലാസുകളില്‍ പോകാറുണ്ട്. ഇപ്പോള്‍ അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഏറ്റവും കൂടുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഇഷ്ടവുമെല്ലാം അഭിനയം തന്നെയാണ്.

സിനിമാ നടിയായി നില്‍ക്കുമ്പോള്‍ തന്നെ സീരിയല്‍ കഥാപാത്രം ചെയ്യാനുള്ള ധൈര്യം

ഒരു സിനിമാ നടിയെന്ന രീതിയില്‍ മാത്രമേ അഭിനയിക്കു എന്ന് ചിന്തിക്കുന്ന ഒരാളല്ല ഞാന്‍. സീരിയല്‍ തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് കഥാപാത്രമാണ്. സാധാരണ കണ്ടുവരുന്ന കണ്ണീര്‍ സീരിയല്‍ അല്ലായിരുന്ന അത്. വളരെ മോഡേണ്‍ ആയിട്ടുള്ള ഒരു വിഷയം പറയുന്ന സീരിയലായിരുന്നു അത്. തേടിയെത്തിയ ഒരു നല്ല കഥാപാത്രമായതിനാലാണ് അതിനെ ഞാന്‍ സ്വീകരിച്ചത്. പക്ഷെ സീരിയലിനെകാളും പെര്‍ഫോം ചെയ്യാന്‍ അവസരങ്ങള്‍ ലഭിക്കുന്നത് സിനിമയില്‍ തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News