ADVERTISEMENT
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നതിന് 3 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് സിബിഐയ്ക്ക് കോടതിയുടെ നിർദേശം.ദില്ലി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയത്.
വിസ കൈക്കൂലി കേസിൽ കാർത്തി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് നിർദേശം. വിദേശത്ത് നിന്ന് മടങ്ങി എത്തി 16 മണിക്കൂറിനകം അന്വേഷണ സംഘത്തോട് സഹകരിക്കണമെന്ന് കോടതി കാർത്തിക്കിന് നിർദേശം നൽകി. താപവൈദ്യൂതി നിലയത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
വീസ കേസിൽ ആഭ്യന്തരമന്ത്രാലയത്തിൽ കാർത്തി ചിദംബരം സ്വാധീനം ചെലുത്തിയെന്നും സിബിഐ എഫ്ഐആറിൽ പറയുന്നു. കേസിൽ കഴിഞ്ഞ ദിവസം കാർത്തിയുടെ വിശ്വസ്തൻ കൂടിയായ ഒന്നാം പ്രതി ഭാസ്ക്കർ രാമൻ അറസ്റ്റിലായിട്ടുണ്ട്. ഇയാൾ വഴിയാണ് കാർത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ.
കേസിൽ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ഭാസ്ക്കർ രാമൻ. ഇയാൾ വഴി താപവൈദ്യൂതി നിലയത്തിന്റെ നിർമ്മാണ കമ്പനി പണമിടപാട് നടത്തി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പ്രോജക്ട് വീസ മാനദണ്ഡത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി കാർത്തി ഇടപെട്ടു. കമ്പനി നൽകിയ അപേക്ഷയിൽ പ്രോജക്ട് വീസ പുതുക്കി നൽകാനാവില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിവുണ്ടോയെന്ന് വ്യക്തമല്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.