MV Govindan Master: എക്സൈസ് സിവില്‍ ഓഫീസര്‍മാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്മെന്റ് ചെയ്യും: മന്ത്രി എം വി ഗോവിന്ദന്‍

എക്സൈസ് സിവില്‍ ഓഫീസര്‍മാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്മെന്റ് ചെയ്യുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ആദിവാസി മേഖലയിലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക റിക്രൂട്ട്മെന്റ്. തൃശൂരില്‍ 126 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും ഏഴു പുരുഷ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എക്സൈസ് വകുപ്പില്‍ ജീവിതം പണയപ്പെടുത്തി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ ചില പൂഴുക്കുത്തുകള്‍ ശേഷിക്കുന്നുണ്ട്. അവര്‍ക്ക് ശീലങ്ങള്‍ മാറ്റാന്‍ കഴിയുന്നില്ല. പാലക്കാട് കള്ളുഷാപ്പ് ലൈസന്‍സ് അനുവദിക്കുന്നതില്‍ പച്ചയായ അഴിമതി നടത്തിയതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ അഴിമതിക്ക് എക്സൈസ് വകുപ്പോ സര്‍ക്കാരോ കൂട്ടുനില്‍ക്കില്ല. ഇത്തരം മാമൂല്‍ പ്രക്രിയകളെ സര്‍ക്കാര്‍ തുറന്നെതിര്‍ക്കും. തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. സംശുദ്ധമായ അഴിമതി രഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ സേനാംഗങ്ങള്‍ കഴിയണം. എക്സൈസില്‍ സ്ത്രീ — പുരുഷ തുല്യത വാക്കിലും പ്രവൃത്തിയിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

നിയമവിരുദ്ധ ലഹരിവസ്തുക്കളുടെ ഉപയോഗം കേരളം നേരിടുന്ന മുഖ്യവിപത്തായി മാറുകയാണ്. എക്സൈസ് സംഘം തടയിടുമ്പോഴും ശക്തിയാര്‍ജിക്കുകയാണ്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്നുകള്‍ വ്യാപകമാണ്. ഇത് യുവാക്കളിലും സമൂഹത്തിലും ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കുന്നു. പുറം കടലില്‍ 1500 കോടിയുടെ മയക്കുമരുന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. എത്ര ബോട്ടുകള്‍ പിടിക്കാതെ മയക്കുമരുന്ന് കടത്തിയിട്ടുണ്ടാവുമെന്ന് വ്യക്തതയില്ല. ജനങ്ങളെയാകെ മയക്കുമരുന്ന് വലയില്‍നിന്ന് രക്ഷിക്കാന്‍ വ്യാപക ബോധവല്‍ക്കരണം ആവശ്യമാണ്. കോളേജ്, സ്‌കൂള്‍ തലങ്ങളിലും ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News