Dandruff: താരന്‍; കേള്‍ക്കുന്നതെല്ലാം സത്യമല്ല

താരന്‍(Dandruff) ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍, താരനെക്കുറിച്ച് പല തെറ്റായ അറിവുകളും നമുക്കിടയിലുണ്ട്. അവ എന്തെക്കെയാണെന്ന് നോക്കാം.

1. എണ്ണ തേക്കുന്നത് താരനെ തുരത്തും

അധികമായി എണ്ണ ഉപയോഗിക്കുന്നത് ചിലപ്പോള്‍ വിപരീതഫലമാണ് ഉണ്ടാക്കുക. മാലസീസിയ എന്ന പൂപ്പല്‍ വളരാന്‍ എണ്ണമയമുള്ള അവസ്ഥ സഹായകരമാണ്. അതിനാല്‍ അമിതമായി എണ്ണയുടെ ഉപയോഗം പാടില്ല. അഥവാ പുരട്ടിയാലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

2. താരന്‍ പൂര്‍ണമായി ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ്

താരന് ജനിതകമായ കാരണങ്ങള്‍ കൂടിയുണ്ട്. ചികിത്സ ചെയ്യുമ്പോള്‍ താരന്‍ ശമിക്കുമെങ്കിലും അത് തിരികെവരാനുള്ള സാധ്യത എപ്പോഴുമുണ്ട്. പൂപ്പലിന്റെ വളര്‍ച്ചയെ തടയുന്നതുവഴി ചര്‍മത്തിലെ ഇന്‍ഫ്ളമേഷന്‍ കുറയുമ്പോള്‍ രോഗം ശമിച്ചതായി കാണപ്പെടും. എന്നാല്‍, മാലസീസിയ എന്ന പൂപ്പലിനെ ചര്‍മത്തില്‍നിന്ന് പൂര്‍ണമായി നീക്കംചെയ്യാന്‍ സാധ്യമല്ല.

3. ചീപ്പുകള്‍, തോര്‍ത്ത് എന്നിവ പങ്കിടുന്നതുവഴി താരന്‍ പകരും

താരന് കാരണമാകുന്ന പൂപ്പല്‍ നമ്മുടെ ശരീരത്തില്‍ തന്നെ ഉള്ളതാണ്. മറ്റുള്ളവരില്‍നിന്ന് പകരാന്‍ സാധ്യതയുള്ള പൂപ്പല്‍ ട്രൈക്കോഫൈറ്റോണ്‍, എപ്പിഡര്‍മോഫൈറ്റോണ്‍, മൈക്രോസ്പോറം (Trichophyton, Epidermophyton, microsporum) എന്നീ വിഭാഗങ്ങളിലുള്ളവയാണ്. ഇവ കാരണം വട്ടച്ചൊറി (tinea) എന്ന രോഗമുണ്ടാകാം. അതിനെ തടുക്കാനാണ് ചീപ്പ്, തോര്‍ത്ത് എന്നിവ പങ്കിടരുതെന്ന് പറയുന്നത്.

4. ധാരാളം വെള്ളം കുടിക്കൂ. നിര്‍ജലീകരണം കാരണമാണ് താരനുണ്ടാകുന്നത്

വെള്ളം ആവശ്യത്തിന് കുടിക്കുന്നതും നിര്‍ജലീകരണം ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നിര്‍ജലീകരണവും താരനുമായി ബന്ധമില്ല. താരന്‍ മാറുന്നതിനുള്ള പ്രതിവിധികള്‍ തേടാതെ വെള്ളം കുടിക്കുകമാത്രം ചെയ്താല്‍ രോഗാവസ്ഥയില്‍ മാറ്റമുണ്ടാവില്ല.

5. തലയില്‍ നാരങ്ങനീര്, കറ്റാര്‍വാഴ എന്നിവ തേച്ചാല്‍ താരന്‍ മാറും

നാരങ്ങനീര് നേരിട്ട് തേച്ചശേഷം മസാജ്ചെയ്യുമ്പോള്‍ താരന്‍ തത്കാലത്തേക്ക് കുറഞ്ഞെന്ന് തോന്നുമെങ്കിലും അതൊരു ചികിത്സയല്ല. രോഗാവസ്ഥയില്‍ മാറ്റമൊന്നും സംഭവിക്കുകയുമില്ല. വീര്യം കൂടിയ നാരങ്ങനീര് ചര്‍മത്തില്‍ കേടുവരുത്താനും ഇറിറ്റന്റ് കോണ്‍ടാക്ട് ഡര്‍മറ്റൈറ്റിസ് (Irritant contact dermatitis) എന്ന പ്രശ്നമുണ്ടാക്കാനും സാധ്യതയുണ്ട്. കറ്റാര്‍വാഴ ജെല്ലും കുറച്ചുനേരത്തേക്ക് ചൊറിച്ചില്‍ കുറയാന്‍ സഹായിക്കുകയും ശല്കങ്ങള്‍ മാറ്റുകയും ചെയ്യുമെന്നല്ലാതെ രോഗാവസ്ഥയ്ക്ക് ശ്വാശതപരിഹാരമല്ല.

6. മുടി മുഴുവന്‍ ഷേവ്ചെയ്തുകളഞ്ഞു, എന്നിട്ടും താരന്‍ കുറയുന്നില്ല

താരന്‍ എന്നത് ശിരോചര്‍മത്തിലെ രോഗാവസ്ഥയാണ്. മുടി വെട്ടിയാലോ ഷേവ് ചെയ്താലോ രോഗം മാറുകയില്ല.

വേനല്‍ക്കാല അവധിസമയത്ത് കുട്ടികളുടെ/ ചെറുപ്പക്കാരുടെ തലമുടി പറ്റെ വെട്ടുകയോ വടിച്ചു കളയുകയോ ചെയ്യുമ്പോള്‍ രോഗം കുറഞ്ഞതായി തോന്നാം. വേനല്‍ക്കാലത്ത് കാലാവസ്ഥാവ്യതിയാനം കാരണം രോഗാവസ്ഥ സ്വാഭാവികമായി കുറയുന്നതിനെ ചേര്‍ത്തുവായിക്കുന്നതുമാകാം.

7. സുഗന്ധതൈലങ്ങള്‍ (Essential oils) താരനെ അകറ്റും

ടീ ട്രീ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍, റോസ്മേരി ഓയില്‍ എന്നിവ താരനെ അകറ്റാന്‍ കഴിവുള്ളതാണെന്ന് പ്രചാരണമുണ്ട്. പൂപ്പല്‍ബാധയ്ക്കെതിരേ ഇവയുടെ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് പഠനങ്ങളുണ്ടെങ്കിലും താരനെ അകറ്റുമോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. വീര്യം കൂടിയ അവസ്ഥയില്‍ മറ്റ് എണ്ണകളുമായി ചേര്‍ത്ത് നേര്‍പ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളല്‍ വരാനും സാധ്യതയുണ്ട്.

8. ഹെല്‍മെറ്റ് വെച്ചാല്‍ താരന്‍ കൂടും

താരന്‍ എന്ന രോഗാവസ്ഥയ്ക്ക് കാലാവസ്ഥാവ്യതിയാനം അനുസരിച്ച് മാറ്റങ്ങള്‍ കണ്ടുവരുന്നു. തണുപ്പുള്ള, വരണ്ട ശീതകാല കാലാവസ്ഥയില്‍ താരന്‍ അധികമാകുന്നതായി പഠനങ്ങളുണ്ട്. ചൂടുള്ള, ഈര്‍പ്പമുള്ള വേനല്‍ക്കാലങ്ങളില്‍ രോഗാവസ്ഥ കുറയുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ഹെല്‍മെറ്റ് വച്ചാല്‍ ചൂടും ഈര്‍പ്പവും കാരണം താരന്‍ കൂടുമെന്ന് പറയാന്‍ തെളിവുകളില്ല. ഹെല്‍മെറ്റ് റോഡ്സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. താരനെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഒഴിവാക്കരുത്.

പരിഹാര മാര്‍ഗങ്ങള്‍

താരന്‍ എന്നത് ദീര്‍ഘകാലം (ചിലപ്പോള്‍ ജീവിതകാലം മുഴുവനായും) നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്. ഇടവിട്ടോ തുടര്‍ച്ചയായോ ചികിത്സ ആവശ്യമായിവന്നേക്കാം. രോഗത്തെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. സ്വയംചികിത്സ ഒഴിവാക്കി, ഡോക്ടറുടെ സേവനം തേടുക എന്നത് ഏത് രോഗാവസ്ഥയ്ക്കും ആവശ്യമാണ്. അങ്ങനെതന്നെ താരനെയും നേരിടുക.

ആന്റിഫംഗല്‍ ഷാംപൂ

പൂപ്പല്‍ കാരണമുള്ള താരന് ഷാംപൂരൂപത്തിലുള്ള മരുന്നുകളാണ്ആദ്യഘട്ടത്തില്‍ നല്‍കുക. അവ മാലസീസിയയുടെ വളര്‍ച്ചയും ഇന്‍ഫ്ളമേഷനും കുറയ്ക്കും. ആഴ്ചയില്‍ രണ്ടുതവണയോ അതിലധികമോ പ്രാവശ്യം ഷാംപൂ ഉപയോഗിക്കാം. ശിരോചര്‍മത്തില്‍ തേച്ച്, പത്തുമിനിറ്റിനുശേഷം കഴുകിക്കളയാം. തുടര്‍ച്ചയായ ഉപയോഗം താരനെ കുറയ്ക്കുകയും അധികമായി തിരികെ വരുന്നതിനെ തടയുകയും ചെയ്യുന്നു. ഷാംപൂ ഉപയോഗം നിര്‍ത്തുമ്പോള്‍ താരന്‍ തിരികെ വരാനുള്ള സാധ്യതയുള്ളതിനാല്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഷാംപൂ ഉപയോഗിക്കുന്നത് ഗുണംചെയ്യും. കീറ്റോകോനസോള്‍, സിങ്ക് പൈരിത്യണ്‍, സെലനിയം സള്‍ഫൈഡ് എന്നിവ ചേര്‍ന്ന ഷാംപൂ ഫലപ്രദമാണ്.

സ്റ്റിറോയ്ഡ് ലോഷനുകള്‍

രോഗത്തിന്റെ സങ്കീര്‍ണമായ അവസ്ഥയില്‍ വെള്ളമൊലിപ്പ്, ചുവന്ന പാടുകള്‍ എന്നിവയുണ്ടാകാം. ഇത്തരം അവസ്ഥയില്‍ സ്റ്റിറോയ്ഡ് ലോഷനുകള്‍ ആവശ്യമായിവരാം. ഈ അവസ്ഥ സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന രോഗത്തിന്റെ കടുത്ത രൂപമാണ്. ശരിയായ രീതിയിലും അളവിലും ഉപയോഗിച്ചാല്‍ സ്റ്റിറോയ്ഡ് ലോഷനുകള്‍ നല്ല ഫലം തരും.

എക്ഫോളിയന്റ് ലോഷന്‍

സാലിസിലിക് ആസിഡ് അടങ്ങിയ ലോഷനുകള്‍ താരന്റെ ശല്കങ്ങളെ നീക്കുന്നതിനും സെബത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും സഹായകമാണ്. ശിരോചര്‍മത്തില്‍ അധികമായി കാണുന്ന ശല്കങ്ങളെ മാറ്റുകയും ഇന്‍ഫ്ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു.

മാനസികസമ്മര്‍ദം കുറയ്ക്കുക

മാനസിക സമ്മര്‍ദം കാരണം താരന്‍ കൂടുകയോ തീവ്രമായ അവസ്ഥയിലേക്ക് മാറുകയോ ചെയ്യുന്നതായി കണ്ടുവരുന്നു. അതിന് പിന്നില്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ്.

സമീകൃതാഹാരം

ആഹാരക്രമം താരനെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ വ്യത്യസ്തമായ സൂചനകളാണ് നല്‍കുന്നത്. ചില പഠനങ്ങള്‍, താരനും ആഹാരക്രമവുമായി ബന്ധമില്ല എന്ന് പറയുന്നു.

ചില പഠനങ്ങള്‍ ആന്റി ഓക്സിഡന്റ് വളരെയധികമുള്ള ഭക്ഷണം താരനെ കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here