P C George : പി സി ജോർജ്ജിൻ്റെ വെണ്ണല പ്രസംഗം  പ്രകോപനപരമെന്ന്  എറണാകുളം സെഷൻസ് കോടതി

പി സി ജോർജ്ജിൻ്റെ വെണ്ണല പ്രസംഗം  പ്രകോപനപരമെന്ന്  എറണാകുളം സെഷൻസ് കോടതി. ജോർജിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള  ഉത്തരവിലാണ്  പരാമർശം. ജോർജ് നടത്തിയ പ്രസംഗം മതസ്പർദ്ധയ്ക്കും സമൂഹത്തിലെ ഐക്യം തകരാനും ഇടയാക്കുമെന്ന്  ഉത്തരവിൽ കോടതി വിലയിരുത്തി.

മതവിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്  കനത്ത  തിരിച്ചടി നൽകുന്നതാണ്  സെഷൻസ്  കോടതി ഉത്തരവ്.     മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ട്  അതിരൂക്ഷമായ  വിമർശനമാണ് പി സി ജോർജിനെതിരെ  കോടതി  നടത്തിയത്.  പ്രസംഗം പ്രകോപനമെന്ന് വിലയിരുത്തിയ കോടതി നിസ്സാരമായി അവഗണിക്കാനാവില്ലെന്ന്  വ്യക്തമാക്കി.

ജോർജ് നടത്തിയ പ്രസംഗം മതസ്പർദ്ധയ്ക്കും സമൂഹത്തിലെ ഐക്യം തകരാനും ഇടയാക്കുമെന്ന്  ഉത്തരവിൽ കോടതി വിലയിരുത്തി. 153 A , 295 എന്നീ വകുപ്പുകൾ ചുമത്തിയതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്ന പി സി ജോർജിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.  അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് താൻ പറഞ്ഞതെന്നുമായിരുന്നു ജോർജിൻ്റെ വാദം.

 എന്നാൽ  മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രസംഗത്തിൻ്റെ വീഡിയോ പോലീസ് കോടതിയിൽ ഹാജരാക്കി. പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ പരിശോധിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

തിരുവനന്തപുരത്തെ വിവാദ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ ജോർജ് ജാമ്യത്തിലിരിക്കെയാണ് സമാന കുറ്റകൃത്യം ആവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയത്.

പോലീസ് അറസ്റ്റിന് തീരുമാനിച്ചതോടെ  ജോർജ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുക്കം തുടങ്ങി. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here