ഇറ്റാലിയൻ ലീഗ് ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം

ഇറ്റാലിയൻ ലീഗ് ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. കിരീടപ്പോരിൽ എ.സി മിലാൻ ഒന്നാം സ്ഥാനത്തും ഇന്റർമിലാൻ രണ്ടാമതുമാണ്. രാത്രി 9:30 നാണ് ഇരു ടീമുകളുടെയും അവസാന ലീഗ് മത്സരങ്ങൾ.

ഏറെക്കാലത്തിന് ശേഷമാണ് ഇറ്റാലിയൻ സെറി എ യിൽ കിരീടത്തിനായി നഗര വൈരികൾ ഇഞ്ചോടിഞ്ച് പോരടിക്കുന്നത്. എസി മിലാൻ, ഇൻറർ മിലാൻ ക്ലബ്ബുകൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് രംഗത്തുള്ളത് നാടെങ്ങുമുള്ള കാൽപന്ത് കളി പ്രേമികളെ തെല്ലൊന്നുമല്ല ത്രസിപ്പിക്കുന്നത്.

നടപ്പ് സീസണിൽ മിലാൻ ക്ലബ്ബുകൾ അങ്കക്കലിയുമായി അരങ്ങു തകർക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ യുവന്റസൊന്നും കിരീടപോരാട്ടത്തിനടുത്തങ്ങും ഇല്ല. സെറി എയിൽ ഒറ്റ മത്സരം മാത്രം ബാക്കിനിൽക്കെ 37 മത്സരങ്ങളിൽ നിന്നും 83 പോയിൻറുമായി എ സി മിലാൻ ഒന്നാമതുണ്ട്.

ഇത്രയും മത്സരങ്ങളിൽ നിന്ന് 81 പോയിന്റുള്ള ഇൻറർ മിലാൻ തൊട്ടുപിന്നിലുണ്ട്. നാപ്പോളിക്കും പിന്നിൽ നാലാമതാണ് യുവന്റസിന്റെ സ്ഥാനം. രാത്രി 9:30 ന് നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ എ.സി. മിലാന് എവേ ഗ്രൌണ്ടിൽ  സസുവോളയും ഇന്റർമിലാന് ഹോം ഗ്രൌണ്ടിൽ സാംപ്ഡോറിയയുമാണ് എതിരാളികൾ.

സസുവോളയ്ക്കെതിരെ സമനില നേടിയാൽ പോലും മിലാന് നീണ്ട ഇടവേളക്കു ശേഷം സീരി എ കിരീടം സ്വന്തമാക്കാം. 2011 ലാണ് എ സി മിലാൻ ഏറ്റവും ഒടുവിൽ സെറി എയിൽ മുത്തമിട്ടത്.കഴിഞ്ഞ 15 ലീഗ് മത്സരങ്ങളിൽ അജയ്യരായി കുതിക്കുന്ന ക്ലബ്ബിൽ എ.സി മിലാൻ ആരാധകർക്ക് അത്രയേറെ വിശ്വാസം ഉണ്ട്.

സസുവോളക്കെതിരെ എസി മിലാൻ തോൽക്കുകയും സാംപ്ഡോറിയയ്ക്കെതിരെ ഇന്റർ മിലാൻ വിജയിക്കുകയും ചെയ്താൽ സെറി എ കിരീടത്തിൽ മുത്തമിടുക ഇൻറർമിലാൻ ആയിരിക്കും. ഏതായാലും ചരിത്രമുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് മിലാൻ ടീമുകളുടെ സ്വന്തം ഗ്രൌണ്ടായ സാൻസിറോ സ്റ്റേഡിയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News