Premier League : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം. 90 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 89 പോയിൻറുള്ള ലിവർപൂൾ രണ്ടാമതുമാണ്. രാത്രി 8:30 ന് നടക്കുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആസ്റ്റൻവില്ലയും ലിവർപൂളിന് വോൾവ്സുമാണ് എതിരാളികൾ.

കിരീടം മോഹിച്ച് സിറ്റിസൺസും ചെമ്പടയും അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോൾ  കാൽപന്ത് കളി പ്രേമികൾ ആകാംക്ഷയുടെ മുൾമുനയിലാണ്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതും സതാംപ്ടണെ  ലിവർപൂൾ തോൽപിച്ചതുമാണ് കിരീടപ്പോരാട്ടം ഇത്രയേറെ ആവേശകരമാക്കിയത്.

ഇന്ന് രാത്രി 8:30 ന് എത്തിഹാദിലും ആൻഫീൽഡിലുമായി നടക്കുന്ന ത്രില്ലർ പോരാട്ടങ്ങൾ ഗ്ലാമർ കിരീടത്തിന്റെ അവകാശിയെ നിർണയിക്കും. പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി സ്‌റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൻ വില്ലയെ നേരിടുമ്പോൾ ലിവർപൂളിന് എതിരാളി വോൾവർ ഹാംപ്ടൺവാണ്ടറേഴ്സാണ്.

മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ 22 ഗോളുകളുമായി ലിവർപൂളിന്റെ മുഹമ്മദ് സലായാണ് മുന്നിൽ. 21 ഗോളുകളുമായി ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ താരം സൺ ഹ്യുങ് മിൻ രണ്ടാമതുണ്ട്. ടോട്ടനത്തിന് അവസാന എതിരാളി നോർവിച്ച് സിറ്റിയാണ്. പ്രീമിയർ ലീഗിലെ പട്ടാഭിഷേകം സിറ്റിസൺസിന്റെ എത്തിഹാദിലോ അതോ ചെമ്പടയുടെ ആൻഫീൽഡിലോ എന്നറിയാൻ ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here