ADVERTISEMENT
സഹോരദന്റെ മരണത്തെ തുടർന്ന് രണ്ടാഴ്‌ചയോളം പൊതുരംഗത്ത് സജീവമല്ലാതിരുന്ന തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറിവിളി നടത്തുകയായിരുന്നെന്ന് കെ വി തോമസ്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും കോൺഗ്രസിൽ സമാന അവസ്ഥയാണുള്ളതെന്നും കെ വി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാന്യമായ ഭാഷയിലാണ് എതിർപ്പുകളും പ്രകടിപ്പിക്കേണ്ടത്. എന്നാൽ അണികളെക്കൊണ്ട് ചില നേതാക്കന്മാർ സമൂഹമാധ്യമങ്ങളിലടക്കം തെറിവിളി നടത്തുകയാണ്. വികസനത്തിനൊപ്പം നിൽക്കേണ്ട സാഹചര്യത്തിൽ പ്രതിപക്ഷം അതിന് തയ്യാറാകുന്നില്ല.
മുഖ്യമന്ത്രി പല വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ടാണ് സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണച്ചു. എന്നാൽ ഇപ്പോൾ കോൺഗ്രസിന് മറ്റ് പലതുമാണ് പ്രധാനം.
ദേശീയതലത്തിൽ ബിജെപിക്കെതിരായ ശക്തമായി നിൽക്കേണ്ട പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഹിന്ദുത്വത്തിനെതിരെ മൃദു നിലപാടാണ് സ്വീകരിക്കുന്നത്. ഇടതുപക്ഷ പാർടികൾ ബിജെപിക്കെതിരെ ശക്തമായ നിലപാടുകളാണ് വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഈ വിഷയങ്ങളിലെല്ലാം താഴേക്ക് പോകുകയാണ്.
കേന്ദ്രസർക്കാരിനോട് ഒരു നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിനാണ് കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ എന്നെ പുറത്താക്കുന്നത്. എന്നാൽ എഐസിസിയിൽനിന്ന് പുറത്താക്കാൻ അദ്ദേഹത്തിന് അധികാരമില്ല. എനിക്ക് കോൺഗ്രസ് പ്രസിഡന്റുമായുള്ള ബന്ധം അത്ര ശക്തമാണ്.
63 പ്രമുഖ നേതാക്കന്മാരാണ് ദേശീയതലത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ് മാനേജ്‌മെന്റിന് ആകില്ല. അത് മനസ്സിലാക്കിയാണ് പ്രശാന്ത് കിഷോർ പിന്മാറിയതെന്നും കെ വി തോമസ് പറഞ്ഞു.
എ പി അനിൽ കുമാർ, ജി രതികുമാർ, എ ബി സാബു, എം ബി മുരളീധരൻ, ഷെരീഫ് മരയ്‌ക്കാർ തുടങ്ങി കോൺഗ്രസിന്റെ വികസന വിരുദ്ധ രാഷ്‌ട്രീയത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിലേക്ക് വന്ന നേതാക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.