പെരിന്തൽമണ്ണയിലെ പ്രവാസിയുടെ മരണം; മൂന്നു പേർ പിടിയിൽ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

പെരിന്തല്‍മണ്ണ അഗളി സ്വദേശിയായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്നു പേര്‍ അറസ്റ്റില്‍

കരുവാരക്കുണ്ട് സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

അതേസമയം, മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുകയാണ്. യഹിയ കാറിൽ അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെള്ളക്കാറിലാണ് അബ്ദുൾ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹിയ. ജലീലിനെ പിന്നിലെ സീറ്റിൽ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ജിദ്ദയിൽ നിന്നും മെയ് 15 ന് നാട്ടിലെത്തിയ അബ്ദുൽ ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം താൻ വീട്ടിലേക്ക് എത്താമെന്നും അബ്ദുൽ ജലീൽ തന്നെ ഫോണിൽ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്റ്റേഷനിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ജലീലിന്റെ ഫോൺവിളി വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ചു, കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു എന്നും ജലീലിന്റെ ഭാര്യ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News