Monkey Pox: കുരങ്ങു പനി പടരുന്നു; ആശങ്കയില്‍ ലോകം

കോവിഡ് ഭീതി അകലാതെ നിലനില്‍ക്കുമ്പോള്‍ ലോകത്ത് ആശങ്ക പടര്‍ത്തി കുരങ്ങുപനിയും. വിവിധ രാജ്യങ്ങളിലേക്ക് പടരുകയാണ് രോഗം. ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയാള്‍ക്കാണ് പനി സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിയില്‍ രാജ്യത്ത് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായും സംശയാസ്പദമായ മറ്റ് കേസുകള്‍ പരിശോധിക്കുന്നതായും ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചയാളെ ടെല്‍ അവീവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളില്‍ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു, കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും വരും ദിവസങ്ങളില്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഈയിടെ കുരങ്ങുപനി പടര്‍ന്നുപിടിച്ചത് വൈറസ് സ്ഥിരമായി പ്രചരിക്കാത്ത രാജ്യങ്ങളില്‍ സംഭവിക്കുന്നതിനാല്‍ അവ അസാധാരണമാണെന്നാണ് ലോകോരോഗ്യ സംഘടനയുടെ അഭിപ്രായം. നിലവിലെ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്നും വൈറസിനെക്കുറിച്ച് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വസൂരിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കേസുകള്‍ മുമ്പ് മധ്യ, പശ്ചിമ ആഫ്രിക്കയുമായി ബന്ധമുള്ള ആളുകള്‍ക്കിടയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, യുഎസ്, സ്വീഡന്‍, കാനഡ എന്നിവിടങ്ങളില്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്തു, കൂടുതലും മുമ്പ് ആഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത യുവാക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News