Vismaya: വിസ്മയക്കേസ്: കിരണ്‍കുമാറിന് 10 വര്‍ഷം തടവും പിഴയും

കൊല്ലം നിലമേലില്‍ വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

വിസ്മയാ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

കേസിന്റെ നാള്‍ വഴികള്‍

2021 ജൂണ്‍ 21ന് കൊല്ലത്തെ വിസ്മയയുടെ മരണവാര്‍ത്ത കേട്ടാണ് കേരളം ഉണരുന്നത്. ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മേയ് 30നായിരുന്നു ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹനവകുപ്പില്‍ എ.എം.വി.ഐയായിരുന്ന കിരണ്‍കുമാറുമായുള്ള വിവാഹം. 21നു പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ തറ നിരപ്പില്‍ നിന്നും 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നായിരുന്നു കിരണും കുടുംബവും നല്‍കിയ മൊഴി

ജൂണ്‍ 22ന് തന്നെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തി. അന്ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കേസില്‍ ആധിപത്യം ഉറപ്പിച്ചു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. സെപ്റ്റംബര്‍ 10നാണ് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതും.

ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.500 പേജുള്ള കുറ്റപത്രമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി 10ന് വിചാരണ തുടങ്ങിയതോടെ കേസിന്റെ ഗതി തന്നെ മാറി മറിയുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കിയതോടെ കേസില്‍ വിസ്മയയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന കാര്യത്തില്‍ ഏകേദേശം ഉറപ്പായി കഴിഞ്ഞിരുന്നു. ഒരു പക്ഷേ ഇത്ര വേഗത്തില്‍ ഒരു കേസ് അന്വേഷണം നടക്കുന്നതും ഇത്ര വേഗത്തില്‍ വിധി വരുന്നതും കേരളത്തില്‍ അപൂര്‍വമാണ്. വിസ്മയയുടെ മരണം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയകുന്നതിന് മുമ്പ് തന്നെ കേസില്‍ ഇന്ന് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ശിക്ഷാ വിധി നാളെയാവും ഉണ്ടാവുക. കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.

കിരണിനെതിരെ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. വിസ്മയ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സ്ത്രീധന വിഷയവും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. വിസ്മയയ്ക്ക് എല്‍ക്കേണ്ടിവന്ന പീഡനമത്രയും സ്ത്രീധനവുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് ഏവരും ചൂണ്ടികാണിക്കുന്നത്. അതുതന്നെയാണ് വിസ്മയയുടെ അച്ഛനും വ്യക്തമാക്കിയത്. ഒരേക്കര്‍ 20 സെന്റ് വസ്തുവും 100 പവന്‍ സ്വര്‍ണവും പത്ത് ലക്ഷം രൂപയില്‍ താഴെയൊരു വണ്ടിയുമായിരുന്നു വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നത്.

കേസില്‍ കിരണ്‍കുമാര്‍ പ്രതിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ 2021 ആഗസ്റ്റ് 06ന് കിരണിനെ മോട്ടര്‍ വാഹന വകുപ്പില്‍ നിന്നും സസ്പെന്റ് ചെയ്യുകയും പിന്നീട് കിരണിനെ ജോലിയില്‍ നിന്ന് തന്നെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരു കേസില്‍ വിധി വരുന്നതിനു മുന്‍പ് പ്രതിയെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്ന സംഭവം ഇത് ചരിത്രത്തില്‍തന്നെ ഒരുപക്ഷേ ഇത് ആദ്യമായിരിക്കും. ഇതിലൂടെ സര്‍ക്കാരും കേസില്‍ നീതിപുലര്‍ത്തിയെന്ന് അടിവരയിട്ട് കാണിച്ചു തരികയായിരുന്നു. കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടലും ഏറെ നിര്‍ണായകമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News