മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മദ്യ കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ചില ഓഫീസുകളിലും വന്‍ അഴിമതി നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡും മറ്റും നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെയും വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്. എക്സൈസ് ഡിവിഷന്‍ ഓഫീസിലെ അറ്റന്‍ഡന്റായ നൂറുദ്ദീനില്‍ നിന്ന് 2,24,000/ രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു. കള്ളുഷാപ്പ് കരാറുകാരില്‍ നിന്ന് തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീന്‍ പിടിയിലായത്. കള്ളുഷാപ്പ് കരാറുകാര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്ന് 7,99,600/ രൂപയും കണ്ടെടുക്കുകയുണ്ടായി.

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസ്, സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആന്‍ഡ് ഐബി ഓഫീസ്, പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ പണം നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തു. പാലക്കാട് ഡിവിഷന്‍ ഓഫീസിലെ സന്തോഷ്, റേഞ്ച് ഓഫീസിലെ ശ്യാംജിത്ത് എന്നിവരുടെ ഫോണ്‍ നമ്പരും പട്ടികയിലുണ്ട്. പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ഓഫീസുകളിലും മദ്യ കച്ചവടവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ക്കൊണ്ടുവരികയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും എക്സൈസ് വകുപ്പില്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതി നടത്തി മുന്നോട്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ പല തലങ്ങളിലുള്ള അന്വേഷണങ്ങളിലൂടെ അത്തരം നീക്കങ്ങള്‍ ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ മദ്യകച്ചവടം നടത്താനാവും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും സമ്മാനങ്ങളും നല്‍കി പ്രീതിപ്പെടുത്തുന്ന രീതി ഒഴിവാക്കി, കാലാനുസൃതമായ രീതിയില്‍, പുരോഗമനോന്‍മുഖമായി ബിസിനസ് നടത്താന്‍ കരാറുകാരടക്കമുള്ളവരും തയ്യാറാവണമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here