P Sathidevi: സ്ത്രീധന പീഡനങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് കോടതി വിധി: പി സതീദേവി

വിസ്മ കേസില്‍ (Vismaya Case) പ്രതി കിരണ്‍ കുമാറിന് ((Kiran Kumar) ലഭിച്ചത് ഏറ്റവും ഉചിതമായ ശിക്ഷയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P Sathidevi). കുറ്റമറ്റ അന്വേഷണവും പൊലീസിന്റെ ജാഗ്രതയും കേസില്‍ നീതി ലഭിക്കുന്നതിന് തുണയായി. പ്രോസിക്യൂഷന്‍ പുലര്‍ത്തിയ ജാഗ്രതയും പ്രശംസനീയമാണ്. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഉള്ള ശക്തമായ മുന്നറിയിപ്പാണ് ഈ കോടതി വിധി. കേരളീയ സമൂഹത്തിനും ശക്തമായ മുന്നറിയിപ്പാണ് ഇത്. വളരെ പ്രബുദ്ധരാണ് കേരളീയ സമൂഹം എന്ന് പറയുമ്പോഴും സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ച് വരികയാണ്. കേവലം ഉപഭോഗ വസ്തുക്കളായി സ്ത്രീകളെ കാണുന്ന വീക്ഷണത്തിന് മാറ്റം കുറിക്കാന്‍ ഈ കോടതി വിധിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതക്ക് ഒപ്പമാണെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിതയുടെ ഹര്‍ജി വന്നിട്ടുള്ളത്. അതില്‍ കോടതി തീരുമാനം എടുക്കട്ടെ. അന്നും ഇന്നും എന്നും വനിതാ കമ്മീഷന്‍ അതിജീവിതക്ക് ഒപ്പമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്. ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ 10 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here