പണക്കൊതി; അഴിയെണ്ണാന്‍ സൂരജിന് പിന്നാലെ കിരണും

ഉത്ര കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ വഴിയേ വിസ്മയ കേസില്‍ കിരണ്‍കുമാറും. ഇരട്ട ജീവപരന്ത്യത്തിന് ശിക്ഷിക്കപ്പെട്ട സൂരജ് ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുണ്ട്. കിരണിന് 10 വര്‍ഷം തടവാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇരു കേസിലും ജീവിതപങ്കാളിയുടെ മരണത്തിനിടയാക്കിയത് ഭര്‍ത്താവിന്റെ പണക്കൊതിയും അത്യാര്‍ത്തിയുമാണ്.

വിസ്മയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചപ്പോള്‍ ഏവരുടെയും മനസ്സിലെത്തിയത് ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കടുപ്പിച്ചുകൊന്ന അഞ്ചല്‍ ഏറം സ്വദേശി ഉത്രയുടെ ചിത്രംകൂടിയാണ്. ഉത്രയുടെ പേരിലുള്ള സ്വത്തും പണവും സ്വര്‍ണവും എങ്ങനെയും സ്വന്തമാക്കുക എന്ന സൂരജിന്റെ ആര്‍ത്തിയാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ശാസ്ത്രീയ തെളിവുകള്‍ നിരത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും അവ ബോധ്യപ്പെടുത്താനും പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞിരുന്നു. ഉത്ര വധക്കേസ് കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ നാഴികക്കല്ലാണ്. അഞ്ചല്‍ സ്റ്റേഷനിലെ ക്രൈംനമ്പര്‍ 1540/2020 എന്ന കേസ് പൊലീസിന് അക്കാദമിക് ഫയല്‍ ആയി മാറിയിട്ടുണ്ട്.

അന്വേഷക സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മൊബൈല്‍ഫോണ്‍ പരിശോധനാഫലം, സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, കംപ്യൂട്ടറുകളുടെയും ഹാര്‍ഡ് ഡിസ്‌കുകളുടെയും പരിശോധനാഫലം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട്, ഡിഎന്‍എ പരിശോധനാഫലം തുടങ്ങി 230 തരം ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ദൃക്സാക്ഷിയില്ലാത്ത കൊലപാതകം, സാധാരണയില്‍ നിന്നും വ്യത്യസ്തമായി പാമ്പിനെ ആയുധമാക്കിയുള്ള കൊലപാതകം എന്നിവ പൊലീസിനെ പുതിയ അന്വേഷണവഴികള്‍ തുറക്കാന്‍ പ്രേരിപ്പിച്ചു. അടിച്ചുകൊന്ന് കുഴിച്ചുമൂടിയ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയതും കേട്ടുകേള്‍വി ഇല്ലാത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News