വിസ്മയകേസിന്റെ വിധി സമൂഹത്തിന് നല്‍കുന്ന താക്കീത്; പ്രതികരണങ്ങളുമായി മന്ത്രിമാര്‍

വിസ്മയകേസിന്റെ വിധി സമൂഹത്തിന് നല്‍കുന്ന താക്കീതാണെന്നും. സ്ത്രീധനം എന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരുമെന്നും സംസ്ഥാനത്തെ മന്ത്രിമാര്‍ പ്രതികരിച്ചു.

മന്ത്രി വീണാ ജോര്‍ജിന്റെ കുറിപ്പ്

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

മന്ത്രി ആര്‍ ബിന്ദുവിന്റെ കുറിപ്പ്

വിസ്മയ കേസ് ഒറ്റപ്പെട്ട സംഭവമല്ല. നമുക്ക് ചുറ്റിലും കണ്ണോടിച്ചാല്‍ ഇതുപോലുള്ള നിരവധി കേസുകള്‍ കാണാന്‍ കഴിയും. പക്ഷെ ഇനിയും നമ്മുടെ സഹോദരിമാരെ, പെണ്മക്കളെ, സുഹൃത്തുക്കളെ സ്ത്രീധനമെന്ന നീചമായ ദുരാചാരത്തിന് വിട്ടുകൊടുക്കില്ല എന്ന ഉറച്ച നിലപാടാണ് നാമോരോരുത്തരും സ്വീകരിക്കേണ്ടത്.
വിസ്മയ കേസില്‍ കോടതിയുടെ നിരീക്ഷണം ഓരോ പെണ്‍കുട്ടിക്കും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും ആശ്വാസമേകുമെന്ന് തീര്‍ച്ച.
സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തിന് വിസ്മയ കേസ് കരുത്ത് പകരട്ടെ..

മന്ത്രി പി രാജീവിന്റെ കുറിപ്പ്

വിസ്മയ കേസില്‍ സുപ്രധാനമായ വിധിയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതി കിരണ്‍കുമാറിന് കോടതി നല്‍കിയ ശിക്ഷ സ്ത്രീധനത്തിനെതിരായ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.
ദാരുണ സംഭവം നടന്ന് ഒരു വര്‍ഷത്തിനകം പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചത് സ്ത്രീപക്ഷ സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നു. ഇതിന് മുന്‍പ് ഉത്തര കേസിലും വളരെ പെട്ടെന്ന് തന്നെ പ്രതിക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. സ്ത്രീപക്ഷ കേരളം സാധ്യമാക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് വിസ്മയ കേസിലെ ഈ വിധി. ഇത്തരമൊരു വിധി വരുമ്പോള്‍ പോലും വിസ്മയയുടെ മാതാപിതാക്കളുടെ നഷ്ടം നികത്തപ്പെടുന്നില്ല എന്ന ബോധ്യമുണ്ട്. എങ്കിലും അവരുടെ ഈ പോരാട്ടം മലയാളികള്‍ക്കാകെ സ്ത്രീധനത്തിനെതിരായ കണ്ണിയില്‍ കൈകോര്‍ക്കാന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News