Tomato Fever:എന്താണ് തക്കാളിപ്പനി? കൂടുതലറിയാം…

(Tomato Fever)തക്കാളിപ്പനി പടരുന്നു…ഈയടുത്ത് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത ഇടം നേടിയിരുന്നു. ടൊമാറ്റോ ഫീവര്‍ എന്നൊക്കെയുള്ള നാമകരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

>എന്താണ് തക്കാളിപ്പനി? ശരിക്കും അങ്ങനെ ഒന്നുണ്ടോ?
-കോക്‌സാക്കി ( Coxsackie) എന്ന വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് തക്കാളിപ്പനി എന്ന പേരില്‍ പ്രചാരം നേടുന്നത്.
തക്കാളിയുമായി യാതൊരു വിധ ബന്ധവുമില്ലെങ്കിലും ശരീരത്തു തക്കാളി പോലെ ചുവന്ന, എന്നാല്‍ വളരെ ചെറിയ കുമിളകള്‍ കണ്ടു വരുന്നത് കൊണ്ടാകാം ഈ പേര് വന്നത്.
കൈകാലുകളിലും വായിലും ആണ് ഈ കുമിളകള്‍ കണ്ടു വരുന്നത് എന്നതിനാലാണ് ഹാന്‍ഡ് ഫൂട് മൗത് ഡിസീസ് ( Hand Foot Mouth Disease – HFMD ) എന്നറിയപ്പെടുന്നത്.
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് സാധാരണ കണ്ടു വരുന്നത്. മുതിര്‍ന്നവരിലും വരാന്‍ സാധ്യതയുണ്ട്.
ഈ രോഗവും കന്നുകാലികളിലെ ഫൂട് മൗത്ത് ഡിസീസും (കുളമ്പ് രോഗം) തമ്മില്‍ യാതൊരു ബന്ധവുമില്ല.

>എങ്ങനെ പകരുന്നു?
-രോഗിയുടെ സ്രവങ്ങള്‍, സ്പര്‍ശിച്ച വസ്തുക്കള്‍ എന്നിവയിലൂടെ ആണ് പകരുന്നത്.
അംഗന്‍വാടി, നഴ്‌സറി, സ്‌കൂള്‍ തുടങ്ങിയ കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്.

>ലക്ഷണങ്ങള്‍
-വൈറസ് ശരീരത്തില്‍ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.
ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു . ചിലരില്‍ വായയുടെ ചുറ്റുമുള്ള ചര്‍മ്മത്തിലും, നെഞ്ചിലും, വയറിലും, പൃഷ്ഠഭാഗത്തും മറ്റും കുമിളകള്‍ കണ്ടു വരാറുണ്ട്.
ഒപ്പം ക്ഷീണം,തൊണ്ട വേദന,ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
കുറച്ചു ദിവസങ്ങള്‍ക്കകം കുമിളകള്‍ ഉണങ്ങും. ഒന്ന് രണ്ടാഴ്ചയില്‍ എല്ലാ ലക്ഷണങ്ങളും സാധാരണ ഗതിയില്‍ ഭേദമാകും. എന്നാല്‍ ചിലര്‍ ആഴ്ചകളോളം വൈറസ് വാഹകരാകാം.
അപൂര്‍വമായി ഈ രോഗം തലച്ചോര്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാം.ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര ചികിത്സ വേണം.
ആഴ്ചകള്‍ക്ക് ശേഷം പല നഖങ്ങളിലും കുറുകെ വരകള്‍ കണ്ടു വരാറുണ്ട്. രോഗം വന്ന സമയത്തു നഖത്തിന്റെ വളര്‍ച്ച താത്കാലികമായി നിന്ന് പോയതിന്റെ ബാക്കിപത്രമാണിത്. ഇതിന് ചികിത്സ ആവശ്യമില്ല.

>ചികിത്സ
-പനി പോലെയുള്ള ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രം മതിയാകും.
-ഭക്ഷണവും വെള്ളവും ഇറക്കുമ്പോഴുള്ള വേദന മൂലം ആഹാരക്കുറവും നിര്‍ജലീകരണത്തിനും ഉള്ള സാധ്യതയുള്ളതിനാല്‍ ഇടവിട്ടിടവിട്ട് പാനീയങ്ങളും,പഴച്ചാറുകളും, ഇറക്കാന്‍ എളുപ്പമുള്ള പരുവത്തില്‍ കഞ്ഞിയായും സൂപ്പായും മറ്റും ആഹാരം നല്‍കണം.
-വ്യക്തി ശുചിത്വം ഉറപ്പാക്കുക.
-കുളിപ്പിയ്ക്കുമ്പോള്‍ കുമിളകള്‍ പൊട്ടാതെ ശ്രദ്ധിക്കാം.
-കുമിളകള്‍ പൊട്ടിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടാം.

>പ്രതിരോധം
-വ്യക്തിശുചിത്വം പാലിക്കുക.
-രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം മാത്രം അംഗന്‍വാടിയിലും സ്‌കൂളിലും മറ്റും കുട്ടിയെ അയക്കുകയും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിയ്ക്കുകയും ചെയ്യുക.

എഴുതിയത് : ഡോ. അശ്വിനി. ആര്‍
ഇന്‍ഫോ ക്ലിനിക്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News