Vismaya; വിസ്മയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതില്‍ സന്തോഷം; ഗവര്‍ണര്‍

വിസ്മയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിധി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കും.ഇനി വിസ്മയമാര്‍ ഉണ്ടാകാതിരിക്കട്ടെയെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.

അതേസമയം, പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here