‘പ്രതികരിക്കുന്നവർക്ക് നാണം തോന്നുന്നവിധം അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്’; സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവര്‍ സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണെന്ന് സുധാകരനോട് മുഹമ്മദ് റിയാസ് ചോദിച്ചു. ഉത്തരവാദിത്വ സ്ഥാനത്തിരുന്ന് പ്രതികരിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് പഠിക്കണമെന്നും സുധാകരനോട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം.

അത് നടക്കട്ടെ.

എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?

സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.

എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.

അങ്ങയുടെ FB പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ

“പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്”

അതേസമയം, പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണെന്നും ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കോളേജ് ഫ്‌ലൈഓവര്‍ തകര്‍ന്നിരിക്കുന്നു. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവന്‍ അപകടത്തിലായിട്ടും എല്‍ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അല്‍പമെങ്കിലുംരാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം.” എന്നായിരുന്നു കെ സുധാകരന്റെ വാക്കുകൾ.

തിരുവന്തപുരം മെഡിക്കല്‍കോളജിലെ മാസ്റ്റര്‍ പ്ലാന്‍ പദ്ധിയില്‍ ഉള്‍പ്പെടുന്നതാണ് ഫൈ്‌ള ഓവറിന്റെ നിര്‍മ്മാണം. ഇതു തകര്‍ന്നൂവെന്ന വ്യാജ പ്രചരണുമായി കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം സമരത്തിനെത്തുന്നു. ഇത് ഏറ്റുപിടിച്ച് കാര്യമറിയാതെ കെപസിസി അധ്യക്ഷന്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടിയോടെ സുധാകരന്‍ വെട്ടിലായി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ ചോദ്യം. യഥാര്‍ഥത്തില്‍ ചോദ്യം ന്യായമാണ്.മെഡിക്കല്‍കോളജിലെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഇന്‍കല്‍ എന്ന ഏജന്‍സിയാണ് മേല്‍പാലം പണിയുന്നത്. മാത്രമല്ല സുധാകരന്‍ പറയുമ്പോലെ മേല്‍പാലം പൊളിഞ്ഞിട്ടുമില്ല. അപ്രോച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന പ്രവര്‍ത്തനത്തിലാണ് നിര്‍മ്മാണ കമ്പനി. ഇത് മറച്ചുവെച്ചാണ് സുധാകരന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രചാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here