അമേരിക്കയിലെ ടെക്സസിലെ ഉവാള്‍ഡെയിലുണ്ടായ വെടിവെയ്പ്പില്‍ റോബ് എലിമെന്ററി സ്‌കൂളിലെ 18 കുട്ടികളെയും ഒരു അധ്യാപികയെയും വെടിവച്ച് കൊന്ന സാല്‍വദോര്‍ റാമോസ് എന്ന 18-കാരന്‍ സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊന്ന ശേഷമാണ് സ്‌കൂളിലെത്തിയത്. അക്രമിയുടെ കൈവശം കൈത്തോക്കും റൈഫിളും ഉണ്ടായിരുന്നുവെന്ന് കരുതുന്നതായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രതികരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ സ്ഥിരീകരിച്ചു.
അതേസമയം അക്രമകാരി എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഇപ്പോഴും വ്യക്തമല്ല. അക്രമം നടത്തിയ ഇയാള്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നുവെന്നു കരുതുന്നുണ്ട്. ആക്രമത്തില്‍ കൊല്ലപ്പെട്ടവരെ കൂടാതെ 15 വിദ്യാര്‍ത്ഥികള്‍ക്കും മറ്റു രണ്ട് പേര്‍ക്കും കൂടി വെടിയേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. ഇയാളുടെ മുത്തശ്ശിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. കൊലയാളി തന്റെ വാഹനം ഉപേക്ഷിച്ച് ഒരു കൈത്തോക്കും ഒരു റൈഫിളുമായി സ്‌കൂളില്‍ പ്രവേശിച്ചു. അയാള്‍ 14 വിദ്യാര്‍ത്ഥികളെ ഭയാനകമായ രീതിയില്‍ വെടിവച്ചു കൊന്നു, ഒരു അധ്യാപകനെയും- ആബട്ട് പറഞ്ഞു.
കൊല്ലപ്പെട്ട രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആദം അപോളിനര്‍ അറിയിച്ചു. സാന്‍ അന്റോണിയോയില്‍ നിന്ന് 84 മൈല്‍ പടിഞ്ഞാറ് 16,000 ആളുകളുള്ള ഒരു നഗരമാണ് ഉവാള്‍ഡെ. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ നടന്ന ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പാണിത്. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് 10 ദിവസമേ ആയുള്ളൂ. മെയ് പകുതി വരെ, ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കു പ്രകാരം നാലോ അതിലധികമോ ആളുകള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്ത 215 വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.