Kapil Sibal; ‘കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല’; ജോൺ ബ്രിട്ടാസ് എം പി

മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ (Kapil sibal) രാജിയിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി (Johnbrittas MP). കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നും എം പി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവും നിയമ വിഷയങ്ങളിലെ ബുദ്ധി കേന്ദ്രവുമായിരുന്ന കപിൽ സിബലാണ് ഏറ്റവും അവസാനമായി കോൺഗ്രസ് വിട്ടത്. രാജസ്ഥാനിലെ ചിന്തൻ ശിബിരത്തിന് ശേഷവും ഒഴുക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഏഴ് സഹോദരികൾ (Seven Sisters) എന്നാണ് നെഹ്റു കുടുംബം എന്നും അഭിസംബോധന ചെയ്തിരുന്നത്. ഏഴിൽ അഞ്ച് സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കളാണ് എന്നതാണ് വിധിവൈപരീത്യം.

അതേസമയം,കപിൽ സിബലിന്റെ രാജി കോൺഗ്രസ് പാർട്ടിക്കേറ്റ കനത്ത തിരിച്ചടി തന്നെയാണ്. സിബൽ സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നും ഇതിനോടകം തന്നെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന ചിന്തൻ ശിവിറിൽ സിബൽ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമൂല അഴിച്ചു പണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ കമ്മിറ്റികൾക്ക് കോൺഗ്രസ് നേതൃത്വം രൂപം നൽകിയതിന്റെ പിറ്റേ ദിവസമാണ് സിബലിന്റെ രാജി. ജി 23 ഗ്രൂപ്പിലെ മുകുൾ വാസ്‌നിക്, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവർക്ക് ഇടം നൽകിയാണ് പാർട്ടി പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ പ്രധാന നേതാവാണ് സിബൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News