രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്(Electric Scooter) തീപിടിച്ച സംഭവത്തിനു പിന്നിലെ വീഴ്ചകള്‍ കണ്ടെത്തി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെലവപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO). കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒല ഇലക്ട്രിക്കും ഒകിനാവയും അടക്കമുള്ള കമ്പനികളെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയത്. ബാറ്ററി പാക്കുകളുടെയും മൊഡ്യൂളുകളുടെയും ഡിസൈനിലെ പിഴവ് മുതല്‍ ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതടക്കമുള്ള വീഴ്ചകള്‍ കമ്പനികള്‍ വരുത്തിയതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂട്ടറുകളിലെ അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്ക്, പ്യുവര്‍ ഇ.വി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ്, ബൂം മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ ചെലവ് ചുരുക്കുന്നതിനായി നിലവാരമില്ലാത്ത ഘടകങ്ങള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഫയര്‍, എക്സ്പ്ലോസീവ് ആന്റ് എന്‍വയണ്‍മെന്റ് സേഫ്റ്റി തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് റോഡ് ഗതാഗത മന്ത്രാലയം ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് സമന്‍സ് അയക്കുകയും റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ സംഭവങ്ങളിലും ബാറ്ററി സെല്ലുകളുടെ കുഴപ്പമോ ഡിസൈനിലെ പിഴവോ ആണ് വില്ലനെന്നാണ് പ്രാഥമിക കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില വര്‍ധിച്ച ഏപ്രില്‍ മാസത്തില്‍ പന്ത്രണ്ടോളം സ്‌കൂട്ടറുകളാണ് സ്ഫോടനത്തിനും അഗ്‌നിബാധക്കും ഇരയായത്. അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടുതല്‍ സംഭവങ്ങള്‍ പരിശോധിച്ച ശേഷം സി.സി.പി.എ കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസയക്കുമെന്നാണറിയുന്നത്. ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്യുവര്‍, ബൂം, ഒല, ജിതേന്ദ്ര, ഒകിനാവ കമ്പനികള്‍ ചില ബാച്ച് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.