Mammootty: നിർധനരായ ഹൃദ്രോഗികൾക്ക് സഹായം; ‘ഹൃദ്യം’പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടി

നിർധനരായ ഹൃദ്രോഗികൾക്ക് വേണ്ടി കൂടുതൽ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി(Mammootty). ഏറെ ചെലവേറിയ ഹൃദയവാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിക്കാണ് കൊച്ചിയിൽ തുടക്കമായത്.

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ & ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഹൃദ്യം പദ്ധതിയ്ക്ക് തുടക്കമിട്ടത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും , ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയും, മമ്മൂട്ടിയും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജന്മനാ ആരും നല്ലവരോ മോശക്കാരോ അല്ലെന്നും നന്മ ചെയ്യാനുള്ള മനസ്സ് വ്യക്തിത്വം കൊണ്ട് ആർജിക്കുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു.

ചാരിറ്റി ആരുടെയും ഔദാര്യമല്ല ഉത്തരവാദിത്വമാണെന്ന്
ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.ആ ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിക്കുന്ന മമ്മൂട്ടി ഈശ്വര ചൈതന്യം ഹൃദയാമൃതമായി കാത്തു സൂക്ഷിച്ച വ്യക്തിയാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

തിരക്കുകൾക്കിടയിലും നന്മയോടൊപ്പം സഞ്ചരിക്കുന്നയാളാണ് കെയർ & ഷെയറിൻ്റെ മുഖ്യ രക്ഷാധികാരി കൂടിയായ മമ്മൂട്ടിയെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന മെക്കാനിക്കൽ വാൽവ് ശസ്ത്രക്രിയ അർഹരായ നൂറ് പേർക്ക് സൗജന്യമായി ലഭ്യമാക്കാനാണ് ഹൃദ്യം പദ്ധതി വഴി ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് ആലുവ രാജഗിരി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിലായിരിക്കും സൗജന്യ ശസ്ത്രക്രിയ നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News