ADVERTISEMENT
വിസ കോഴക്കേസിൽ കാർത്തി ചിദംബരത്തിനെ സി ബി ഐ ചോദ്യം ചെയ്തു. ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകിയ കേസിലാണ് കാർത്തി ചിദംബരത്തെ ചോദ്യം ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പി.ചിദംബരത്തിൻ്റെയും കാർത്തി ചിദംബരത്തിൻ്റെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനാണ് സിബിഐയുടെ നിർദേശം.
അതേസമയം, കേസില്‍ കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ദില്ലിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇടക്കാല സംരക്ഷണം നൽകിയത്. മെയ് 30 വരെ ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടുണ്ട്. 2010 മുതൽ 2014 കാലയളവിൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലാണ് സിബിഐ ഉന്നമിടുന്നത്. പഞ്ചാബിലെ മാനസയിലെ താപവൈദ്യുതി നിലയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വീസ നൽകാനും നിലവിലുള്ളവർക്ക് വീസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരൻ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസിൽ കാർത്തിയുടെ വിശ്വസ്തൻ ഭാസ്ക്കർ രാമന്‍ അടക്കം അഞ്ച് പേർ പ്രതികളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.