ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള. ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് തമിഴ്‌നാട്ടില്‍ നിന്നുള്ള സേതു മധുര എഫ്.സിയെ തകര്‍ത്താണ് ഗോകുലം കേരള കിരീടം നിലനിര്‍ത്തിയത്.

മത്സരത്തില്‍ ഒരു സമനിലയെങ്കിലും വേണ്ടിയിരുന്ന ഗോകുലം ആധികാരികമായി ലീഗ് അവസാനിപ്പിച്ചാണ് കിരീടം വീണ്ടും കോഴിക്കോട്ടെത്തിച്ചിരിക്കുന്നത്. ലീഗില്‍ കളിച്ച 11 മത്സരത്തിലും ഗോകുലം തോല്‍വി അറിഞ്ഞിട്ടില്ല. ആകെ നാലു ഗോളുകള്‍ മാത്രമേ ലീഗില്‍ ഗോകുലം കേരള വഴങ്ങിയിട്ടുള്ളു. സമനില മോഹിച്ചിറങ്ങിയ ഗോകുലത്തിനെ ഞെട്ടിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. ഹെഡറില്‍ നിന്ന് റെനു ദേവിയായിരുന്നു ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഉടന്‍ തന്നെ ഗോകുലത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. എല്‍ഷദായിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ആശലത ദേവി വലയിലെത്തിച്ചതോടെ ഗോകുലം സമനില നേടി. സമനില നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം പിന്നീട് മേധാവിത്തം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. 33ാം മിനുട്ടില്‍ ഘാന താരം എല്‍ഷദായ് അചെങ്‌പോയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി.

ആദ്യ പകുതിയ അവസാനിക്കുന്നതിനിടെ മലബാറിയന്‍സ് വീണ്ടും ഗോള്‍ നേടി. 40ാം മിനുട്ടില്‍ മനീഷ കല്യാണിന്റെ വകയായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോള്‍. രണ്ടാം പകുതിക്ക് ശേഷം ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3-1 എന്ന സ്‌കോറിന് അവസാനിച്ചു. ഇതോടെ രണ്ടാം തവണയും ഇന്ത്യന്‍ വനിതാ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഗോകുലത്തിന് കഴിഞ്ഞു. നേരത്തെ പുരഷ ടീമും ഐ ലീഗ് കിരീടം നിലനിര്‍ത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പുരുഷ, വനിതാ ലീഗുകളില്‍ തുടര്‍ച്ചയായി രണ്ടാം തവണ കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടം കേരളത്തില്‍ നിന്നുള്ള ഗോകുലം കേരളയുടെ പേരിലായി. ഇന്നലത്തെ ജയത്തോടെ ഗോകുലം കേരളയുടെ വനിതാ ടീം 21 മത്സരത്തില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ്. കേരള വനിതാ ലീഗില്‍ കളിച്ച 10 മത്സരത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയായിരുന്നു ഗോകുലത്തിന്റെ ജൈത്രയാത്ര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News