വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ നായക്ക് നടക്കാൻ വേണ്ടി ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതിൽ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ദില്ലിയിലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരും ഇതിനോട് എതിർപ്പ് ഉയർത്തിയിരുന്നു.ഐഎഎസ് ഓഫിസറുടെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു. എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടികൾ വിവാദമായതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങൾക്കും പരിശീലകർക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാൻ ഉത്തരവിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.