ONV Kurup; മലയാളത്തിന്റെ കാവ്യ സൂര്യന് ഇന്ന് 91 -ാം ജന്മദിനം

പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അനശ്വര കവി ഒ എന്‍ വി കുറുപ്പിന് ഇന്ന് തൊണ്ണൂറ്റൊന്നാം ജന്മദിനം. പ്രിയ കവി ഇല്ലാത്ത ആറാം ജന്മദിനം.

വാക്കിൽ വിരിഞ്ഞ കാവ്യ വസന്തമായിരുന്നു ഒ എൻ വി. മൺവീണയിൽ കൂടണയുന്ന മൗനമായും സാഗരങ്ങളെ പാടിയുണർത്തുന്ന സാമഗീതമായും കാതിൽ തേന്മഴയായി പാടുന്ന കാറ്റും കടലുമൊക്കെയായി അദ്ദേഹത്തിന്റെ കവിതകൾ മലയാളിയുടെ ആത്മാവിനെ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു

കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഒഎന്‍വി കുറുപ്പ് ജനിച്ചത്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഒ എന്‍ വി കവിതാരചന തുടങ്ങിയിരുന്നു. നിരന്തരം കവിതകളെഴുതികൊണ്ടിരുന്ന ഒ എന്‍ വി സ്വയം ഒരു കവിതയായി മാറുകയായിരുന്നു. ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതിയത് പതിനഞ്ചാം വയസ്സിലാണ്. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരില്‍ പാട്ടെഴുതിയിരുന്ന ഒ.എന്‍.വി. ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചലച്ചിത്രം മുതലാണ് ഒ എന്‍ വി എന്ന പേരില്‍ത്തന്നെ ഗാനങ്ങള്‍ എഴുതിയത്. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987-ല്‍ മാസിഡോണിയയിലെ സ്ട്രൂഗ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.

വൈശാലി എന്ന ചിത്രത്തിലൂടെ കേന്ദ്രസര്‍ക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി. കേരളസര്‍ക്കാറിന്റെ പുരസ്‌കാരം 13 തവണയും ഒഎന്‍വിയെ തേടിയെത്തി.1971ല്‍ ‘അഗ്‌നിശലഭങ്ങള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. 1975 ല്‍ ‘അക്ഷര’ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ഉപ്പ്’ എന്ന കൃതിക്ക് 1981ല്‍ സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരവും 1982ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2008ല്‍ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

2005ല്‍ പത്മപ്രഭാ പുരസ്‌കാരം, 2009ല്‍ രാമാശ്രമം ട്രസ്റ്റ് പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി. 2007 ല്‍ ജ്ഞാനപീഠ പുരസ്‌കാരവും, 2011 ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും ഒഎന്‍വിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കേരള കലാമണ്ഡലം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി ഫെലോ തുടങ്ങിയ നിലകളിലും ഒ.എന്‍.വി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജീവിച്ചിരുന്നപ്പോഴും പിറന്നാളുകൾ കാര്യമായി കവി ആഘോഷിച്ചിരുന്നില്ല. അന്നേദിവസം അനാഥാലയങ്ങൾക്ക് ആഹാരം ന,Oൽകുമായിരുന്നു. മരണശേഷവും മക്കൾ ആ പതിവ് തുടർന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ന് അത് നടക്കില്ല. പകരം ഒ.എൻ.വി സാഹിത്യപുരസ്കാരം സമ്മാനിക്കുന്ന ദിവസം ആഹാരം കൊടുക്കാമെന്നാണ് ബന്ധുക്കളുടെ തീരുമാനം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ചായിരുന്നു പ്രിയകവിയുടെ മരണം. ഇനിയും മരിക്കാത്ത ഭൂമിയില്‍ കവിതയുടെ ചൈതന്യം ബാക്കി നിർത്തിയാണ് പ്രിയകവിയുടെ വിടവാങ്ങൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here