ഇന്ത്യൻ വംശജയായ രാഷ്ട്രീയ നേതാവ് മൊഹീന്ദർ കെ മിധ വെസ്റ്റ് ലണ്ടനിലെ ഈലിംഗ് കൗൺസിലിന്റെ പുതിയ മേയർ. യുകെയിലെ പ്രതിപക്ഷ ലേബർ പാർട്ടി അംഗമാണ് മൊഹീന്ദർ കെ മിധ. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പ്രാദേശിക ലണ്ടൻ കൗൺസിലിന്റെ ആദ്യ വനിതാ മേയറായി മാറിയിരിക്കുകയാണ് ഈ ഇന്ത്യൻ വംശജ.
2022 മെയ് 24-ന് നടന്ന കൗൺസിൽ യോഗത്തിലാണ് മൊഹീന്ദർ കെ മിധയെ 2022-23 കാലയളവിലേക്ക് മേയറായി തിരഞ്ഞെടുത്തത്. അടുത്ത വർഷത്തേക്കുള്ള മേയറായി മൊഹീന്ദർ മിധ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഈലിങ്ങിലെ ലേബർ പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നത്. ആദ്യ ദളിത് വനിതാ മേയറായി മിധ തിരഞ്ഞെടുക്കപ്പെട്ടത് അഭിമാന നിമിഷമായാണ് ബ്രിട്ടീഷ് ദളിത് സമൂഹം ആഘോഷിക്കുന്നത്.
മെയ് 5 ന് ലണ്ടനിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ഈലിംഗ് കൗൺസിലിലെ ഡോർമേഴ്‌സ് വെൽസ് വാർഡിലേക്ക് ലേബർ കൗൺസിലറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മൊഹീന്ദർ കെ മിധ മുമ്പ് കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രാദേശിക ലേബർ പാർട്ടി പ്രകടനപത്രികയിൽ പകർച്ചവ്യാധിയിൽ നിന്ന് എങ്ങനെ കരകയറാം, അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം , സാമൂഹ്യവിരുദ്ധ പെരുമാറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. സാമൂഹിക പരിപാലനം ഉറപ്പിക്കുക, കൂടുതൽ ഭവനങ്ങൾ യഥാർത്ഥമാക്കി വിതരണം ചെയ്യുക എന്നിവയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
മൊഹീന്ദർ കെ മിധ ദളിത് സമൂഹത്തിന് മുഴുവൻ അഭിമാനമാണെന്നാണ് ഫെഡറേഷൻ ഓഫ് അംബേദ്കറൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് ഓർഗനൈസേഷന്റെ (എഫ്എബിഒ) ചെയർമാനായ സന്തോഷ് ദാസ് പറഞ്ഞത്. യുകെയിലെ ഫെഡറേഷൻ ഓഫ് അംബേദ്കറൈറ്റ് ആൻഡ് ബുദ്ധിസ്റ്റ് ഓർഗനൈസേഷൻ രാജ്യത്തെ ദളിത് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനയാണ്.
ഏകദേശം 2,50,000 ദളിതർ ബ്രിട്ടനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. യുകെയിൽ ദളിതർ പലപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ വിവേചനത്തിന് ഇരയാകുന്നുണ്ട്. യുകെയിലെ ഇന്ത്യൻ വംശകർക്കിയിൽ ദളിതരോട് തൊട്ടുകൂടായ്മ പോലുള്ള മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.