MA Baby: കുറ്റകൃത്യത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ സമീപനം ഏറ്റവും ദുഖ:കരം; എം എ ബേബി

തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിഡിയോ കിട്ടിയാല്‍ ചിലപ്പോള്‍ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണെന്നും എം എ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിഡിയോ കിട്ടിയാല്‍ ചിലപ്പോള്‍ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരെ സതീശന്‍ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നത്.

ഡോ. ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാന്‍ ഇവര്‍ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള അപവാദപ്രചാരണങ്ങള്‍ കോണ്‍ഗ്രസുകാര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ ഒരു പ്രവര്‍ത്തനരീതി തന്നെയാണിത്. പ്രത്യേകിച്ചും തോല്ക്കുന്ന തെരഞ്ഞെടുപ്പുകളില്‍.

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെയും അവഹേളിക്കാം എന്ന ഒരു പ്രവണത കേരളത്തില്‍ ഉണ്ടായിവരുന്നു. ചില ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളും കൂടെ ആയാല്‍ ചിത്രം പൂര്‍ണമായി. മലയാളിമനസ്സിന്റെ ഒരു വൃത്തികെട്ട മുഖമാണ് ഇവയിലൂടെ തെളിയുന്നത്. എവിടെയെങ്കിലും ഒളിച്ചിരുന്ന് ആര്‍ക്കെതിരെയും ചെളി വാരിയെറിയുന്നതില്‍ അര്‍മാദിക്കുന്ന തരംതാണ ഒരു കൂട്ടം ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പില്‍ താല്പര്യമുള്ള എല്ലാവരും ചേര്‍ന്ന് ഈ അധമവിഭാത്തെ ചെറുക്കേണ്ടതാണ്; അപലപിക്കേണ്ടതാണ്.

നിന്ദ്യമായ ഈ കുറ്റകൃത്യത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ സമീപനം ഏറ്റവും മിതമായിപ്പറഞ്ഞാല്‍ ദുഖ:കരമാണ്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദപ്പെട്ട പദവിയിലിരിക്കുമ്പോള്‍ ഒരിക്കലും ആലോചിക്കാന്‍പോലും പാടില്ലാത്തതായിരുന്നു.

ആര്‍ക്കെതിരെയായാലും ഇത്തരം ഹീനമായ സൈബര്‍അക്രമം പാടില്ല എന്ന് കര്‍ശന നിലപാട് ഉള്ള പാര്‍ട്ടിയാണ് സിപിഐ എം. ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമായി നടത്തിയതായി തെളിഞ്ഞാല്‍ ഉടന്‍തന്നെ കര്‍ശന നടപടി എടുക്കും എന്ന കാര്യം ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here