‘ഭീഷണി എന്നത് മൃഗസ്വഭാവമാണ്’ പരാജയ ഭീതിയില്‍ പരിഭ്രാന്തരാകുമ്പോള്‍ ഇത് അപൂര്‍വ്വമായി മനുഷ്യരിലും കാണാം: ഡോ.ജോസ് ചാക്കോ പെരിയപ്പുറം

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതികരണവുമായി ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം.

‘‘ഭീഷണി എന്നത് മൃഗസ്വഭാവമാണ്. പരാജയമുണ്ടാകും എന്ന ഭീതിയില്‍ പരിഭ്രാന്തരാകുമ്പോള്‍ ഇത് അപൂര്‍വ്വമായി മനുഷ്യരിലും കാണാം’’-അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

കുറിപ്പിന്റെ പുര്‍ണ്ണരൂപം:

എനിക്ക് ഡോ. ജോ ജോസഫിനെ നിരവധി വര്‍ഷങ്ങളായി അറിയാം. ഒരു വ്യക്തി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രസക്തിയെപ്പറ്റി ഫേസ്ബുക്കില്‍ ഞാന്‍ നേരത്തേതന്നെ എഴുതിയിരുന്നു.

ഒരു വ്യക്തി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും മികച്ച യോഗ്യതകള്‍ ഉള്ളയാളാാണ് അദ്ദേഹം. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കം വിലകുറഞ്ഞതാണ്.

ഭീഷണി എന്നത് മൃഗസ്വഭാവമാണ്. പരാജയമുണ്ടാകും എന്ന ഭീതിയില്‍ പരിഭ്രാന്തരാകുമ്പോള്‍ ഇത് അപൂര്‍വ്വമായി മനുഷ്യരിലും കാണാം.

തത്വദീക്ഷയില്ലാത്ത അത്തരക്കാരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങരുതെന്ന് പ്രിയപ്പെട്ട ഡോ. ജോയോടും ദയയോടും മക്കളോടും പറയുന്നു. അവര്‍ ഒരു ചിത്രം കിട്ടാന്‍ അഗ്നിപര്‍വ്വതമുഖത്തേക്ക് പോലും എടുത്തുചാടും. അവര്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല. പരാജയം ഉറപ്പാണ്.

‘‘എന്നെ ഭീഷണിപ്പെടുത്തും തോറും എന്റെ ധൈര്യം വര്‍ധിക്കും’’ എന്ന് ജയിന്‍ ഓസ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കാര്യത്തിലും അങ്ങനെയാകട്ടെ. പരിണതപ്രഞ്ജരായ കേരളസമൂഹം നിങ്ങള്‍ക്കുപിന്നില്‍ ശക്തമായി നിലകൊള്ളുകയാണ്. കരുത്തോടെ മുന്നോട്ടുപോകുക ഞങ്ങളെല്ലാം ഒപ്പമുണ്ടാകും.

ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഘം പൊലീസ് പിടിയിൽ
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഘത്തെ തിരിച്ചറിഞ്ഞു. വിവിധ ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രചരണത്തിന് പിന്നില്‍. സംഭവത്തില്‍ പാലക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ശിവദാസ് എന്നയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്‍റ് ചെയ്യുകയും ചെയ്ത നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റും ഇപ്പോള്‍ കെടിഡിസി ജീവനക്കാരനുമാണ്.

ഇയാള്‍ക്കെതിരെ ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഘത്തെ ഇനിയും കണ്ടെത്താനായിട്ടില്ല. ദൃശ്യം പ്രചരിപ്പിച്ച ശേഷം പ്രൊഫൈലുകള്‍ ഡീലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News