“സഖാവേ ഒപ്പമുണ്ട് ” വ്യക്തിയധിക്ഷേപം കൊണ്ടൊരാൾ ഇല്ലാതായിപ്പോകുമായിരുന്നുവെങ്കിൽ പിണറായി വിജയൻ എന്ന നേതാവ് രാഷ്ട്രീയ ചിത്രത്തിൽ ഉണ്ടാകുമായിരുന്നില്ല; ആര്യ രാജേന്ദ്രന്റെ കുറിപ്പ് വൈറൽ

ജോ ജോസഫിന് പിന്തുണയുമായി മേയർ ആര്യ രാജേന്ദ്രൻ. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ തലസ്ഥാനത്തിന്റെ മേയർ ആയി എന്ന ഒറ്റക്കാരണത്താൽ തനിക്ക് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നുവെന്നും ആര്യ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം പിണറായി വിജയൻ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി എതിർ പാർട്ടികളുടെ ഈ നെറികെട്ട ആക്രമണത്തിന് വിധേയനാക്കപ്പെട്ട് കൊണ്ടേയിരിക്കുന്നുവെന്നും വ്യക്തിപരമായ അധിക്ഷേപം കൊണ്ട് ഒരാൾ ഇല്ലാതായിപ്പോകുമായിരുന്നുവെങ്കിൽ പിണറായി വിജയൻ എന്ന നേതാവ് രാഷ്ട്രീയ ചിത്രത്തിൽ ഉണ്ടാകുമായിരുന്നില്ലെന്നും മേയർ കൂട്ടിച്ചേർത്തു

“സഖാവേ ഒപ്പമുണ്ട് ”
ഞാൻ ഈ വാക്കുകൾ പറഞ്ഞ് തന്നെ തുടങ്ങുന്നതിന് കാരണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ: ജോ ജോസഫിനെതിരെ കോൺഗ്രസ്സ് സൈബർ ക്രിമിനലുകൾ നടത്തിയ വ്യാജ വിഡിയോ പ്രചരണവും അതിന് മുൻപേ തുടങ്ങിയ കടുത്ത അശ്ലീല ചുവയുള്ള പരിഹാസങ്ങളും കണ്ടപ്പോൾ ഞാൻ എന്നെ തന്നെയാണ് ഓർത്തത്. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ തലസ്ഥാനത്തിന്റെ മേയർ ആയി എന്ന ഒറ്റക്കാരണത്താൽ എനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപങ്ങളാണ്. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കോൺഗ്രസ്സ് -ബിജെപി – ലീഗ്- എസ് ഡി പി ഐ – നിഷ്പക്ഷ മുഖമൂടിയിട്ട വർഗ്ഗീയ തീവ്രവാദികൾ മുതൽ വികസന വേഷം കെട്ടലുകളുമായി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചില ഓൺലൈൻ കച്ചവടക്കാരും ചെറുതെങ്കിലും ചില മാധ്യമങ്ങളും ഉൾപ്പെടെ ഉണ്ട്.

തുടക്കത്തിൽ എനിയ്ക്കൊരു ചെറിയ വിഷമം തോന്നാതിരുന്നില്ല, ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്, സത്യമതല്ലലോ, പിന്നെങ്ങിനെ ഇത്ര മോശമായി ഇവർക്ക് ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ പറയാൻ കഴിയുന്നു എന്നൊക്കെ ആലോചിച്ചിരുന്നു. അന്ന് പാർട്ടി നേതാക്കൾ നൽകിയ പിന്തുണ വലിയ ആശ്വാസമായിരുന്നു. മാത്രമല്ല സൈബർ രംഗത്തെ തന്നെ സജ്ജീവമായി നിൽക്കുന്ന ഇടതുപക്ഷ അനുഭാവികളും സഖാക്കളും പ്രഖ്യാപിച്ച ഐക്യദാർഢ്യം , ആ വാക്കുകളാണ് തുടക്കത്തിൽ പറഞ്ഞത് ” ഒപ്പമുണ്ട് സഖാവേ ” എന്ന് . അന്ന് തൊട്ട് ഇന്ന് വരേയ്ക്കും, ഇനി നാളെയും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ തടസ്സപ്പെടുത്താൻ ഈ വ്യക്തി അധിക്ഷേപങ്ങൾ കൊണ്ടുള്ള വിരട്ടലുകളെ അനുവദിക്കില്ല എന്ന് തീരുമാനിച്ചതാണ്.

ഞാൻ മാത്രമല്ല സ: കെ കെ ശൈലജ ടീച്ചർ, സ: മെഴ്‌സികുട്ടി അമ്മ, സ: ചിന്ത ജെറോം അങ്ങനെ എത്രയെത്രപേർ. ഒരു പക്ഷെ ഈ വലതുപക്ഷത്തിന്റെ വ്യക്തിഹത്യയ്ക്ക് ഇരയാക്കപ്പെട്ടവരുടെ കേരളത്തിലെ നേതാവ് നമ്മുടെ മുഖ്യമന്ത്രി ആയിരിക്കും, അദ്ദേഹം വ്യക്തിപരമായി നേരിട്ട അധിക്ഷേപങ്ങളുമായി തട്ടിച്ചാൽ ഞങ്ങൾക്കൊക്കെ സീസണൽ ആക്രമണമേ ഉണ്ടായിട്ടുള്ളൂ എന്ന് പറയാം. സ: പിണറായി വിജയൻ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഈ നെറികെട്ട ആക്രമണത്തിന് വിധേയനാക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു. വ്യക്തിപരമായ അധിക്ഷേപം കൊണ്ട് ഒരാൾ ഇല്ലാതായിപ്പോകുമായിരുന്നുവെങ്കിൽ ഇന്ന് സ: പിണറായി വിജയൻ എന്ന നേതാവ് രാഷ്ട്രീയ ചിത്രത്തിൽ ഉണ്ടാകുമായിരുന്നില്ല.

ഇതൊരു രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രശ്‌നമാണ്. കേരളം പോലൊരു സംസ്ഥാനത്തെ ജനങ്ങളെ അങ്ങേയറ്റം അപമാനിക്കുന്ന ഒരു സംസ്‌കാരം കോൺഗ്രസ്സ് ഉൾപ്പെടെയുള്ളവർ വച്ച് പുലർത്തുന്നത് അസംബന്ധമാണ്. പണ്ട് കോളേജിലൊക്കെ കെ എസ് യുക്കാർ ഇതുപോലെ തിരഞ്ഞെടുപ്പ് സമയത്ത് ബാത്‌റൂമിൽ ഒക്കെ എഴുതി വയ്ക്കുകയും, ഇരുട്ടിന്റെ മറവിൽ പോസ്റ്റർ ഒട്ടിയ്ക്കുകയും ഒക്കെ ചെയ്യാറുണ്ട്, അതിലെല്ലാം മിക്കവാറും എതിർ സ്ഥാനാർത്ഥിയെയും മറ്റാരെയെങ്കിലും ചേർത്തുള്ള പൈങ്കിളി കഥകളാവും ഉണ്ടാവുക. അതൊക്കെ മുതിർന്നിട്ടും കൊണ്ട് നടക്കുന്നത് സത്യത്തിൽ ഒരു മനോരോഗം കൂടിയാണ്. തൃക്കാക്കരയിൽ കോൺഗ്രസ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അണികളുടെ ആത്മവിശ്വാസം അപ്പാടെ ചോർന്നൊലിച്ച് പോയതിന്റെ സൂചനയാണ് സ: ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിലൂടെ തെളിയുന്നത്. അവസാന ലാപ്പിൽ ചിലപ്പോൾ ഇതിലും കടുത്ത ആക്രമണം ഉണ്ടായേക്കാം. കോൺഗ്രസ്സ് ആയത് കൊണ്ട് എന്തും ചെയ്യും, കാരണം അത്രമേൽ പ്രിവിലേജാണ് കോൺഗ്രസിന് മാധ്യമങ്ങൾ അനുവദിച്ചിട്ടുള്ളത്.

പക്ഷെ ജനങ്ങൾ ആർക്കാണ് പ്രിവിലേജ് നൽകിയതെന്ന് 2020 ലും 2021 ലും വ്യക്തമായതാണ്. അത് ഒന്നുകൂടി തൃക്കാക്കരയിൽ ഉറപ്പാക്കും. എല്ലാത്തരം വ്യാജപ്രചരണങ്ങളെയും ഞങ്ങൾ അതിജീവിക്കും, കാരണം ജനങ്ങളെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്, ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ കരുത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ മനുഷ്യരുടെയും ജീവിതം സാർത്ഥകമാക്കാനുള്ള കർമ്മപദ്ധതികളുമായി എൽഡിഎഫ് മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ഈ നാട്ടിലെ ജനങ്ങൾ തന്നെ നേരിട്ട് അതിന് നേതൃത്വം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News