നമ്മുടെ പ്രസ്ഥാനത്തെയും ചേർത്ത് പിടിച്ചുള്ള ആ യാത്രകളാവും ജീവിതത്തിലെ ഏറ്റവും സുന്ദരവും അഭിമാനവുമുള്ള ഓർമ്മകളാവുകയെന്ന് സച്ചിനേട്ടൻ പറഞ്ഞത് ഓർക്കുന്നു; ആര്യ രാജേന്ദ്രൻ

സച്ചിൻ ദേവ് എംഎൽഎയെ കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ. എസ്എഫ്ഐയുടെ സംഘടന പ്രവർത്തനങ്ങളിൽ നിന്ന് സച്ചിൻ പടിയറങ്ങിയതിന് പിന്നാലെയാണ് ആര്യയുടെ കുറിപ്പ്. പ്രതിസന്ധിയുടെ കാലത്ത് പ്രയാസമേറിയ സാഹചര്യങ്ങളിൽ താൻ ഉൾപ്പടെയുള്ള സഖാക്കളെയും സംഘടനെയും ധീരമായി നയിച്ചതിനു പ്രിയസഖാവിന് ഹൃദയത്തിൽ നിന്നൊരു ലാൽസലാമെന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എസ്എഫ്ഐയുടെ 33-ാം സംസ്ഥാന സമ്മേളനത്തിലാണ് സ.സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാവുന്നത്. തിരുവനന്തപുരം ജില്ലയിൽ നടന്ന കെടിയു സമരത്തിലാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്. സമരത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സമര സഖാക്കളെ അഭിവാദ്യം ചെയ്ത് സഖാവ് സംസാരിക്കുമ്പോൾ എല്ലാവരെയും പോലെ ഞാനും ആ സമരത്തിന്റെ ആവേശത്തിലായിരുന്നു.

ബാലസംഘം,എസ് എഫ് ഐ സംഘടന കാര്യങ്ങൾ സംസാരിച്ചാണ് ഞങ്ങളുടെ സംഭാഷണം ആരംഭിച്ചത്.
പിന്നീട് രണ്ട് ജില്ലകളിലെ സംഘടന പ്രവർത്തനത്തെ പറ്റിയുള്ള സംസാരമായി . സഖാവ് അധികവും സംസാരിക്കുക ഈ രണ്ട് വിഷയങ്ങളാണ്. ഒരു പക്ഷെ സഖാവ് ഏറെ സംസാരിക്കുന്നത് സംഘടന കാര്യങ്ങളാണ് എന്ന് പറയുന്നതാവും ശരി. വളരെ യാദൃച്ഛികമായാണ് ആ സംഘടന ബന്ധം നല്ല സൗഹൃദമായി മാറിയത്. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ കരുത്ത് പകരുന്ന സുഹൃത്ത്. സ്ത്രീ എന്ന നിലയ്ക്കുള്ള എന്റെ എല്ലാ അഭിപ്രായങ്ങളെയും നിലപാടുകളെയും ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യുന്ന ആൾ, ഒരു ഘട്ടത്തിലും എന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒരു വാക്ക് പോലും ഈ കാലയളവിൽ സഖാവിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ഞാൻ കണ്ട പ്രത്യേകത. എല്ലാം സഹിക്കുന്നവളായല്ല മറിച്ച് സ്വന്തം കാലിൽ, സ്വന്തം നിലപാടിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന പെൺകുട്ടിയായി/ സ്ത്രീയായി എന്നെ മാറ്റിത്തീർത്തതിൽ പാർട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് സച്ചിനേട്ടനാണ്. പല പ്രശ്നങ്ങളും മുന്നിൽ വന്നപ്പോൾ ” ധൈര്യമായി മുന്നോട്ട് പോകണം,നീ തനിച്ചല്ല” എന്ന സച്ചിനേട്ടന്റെ വാക്കിൽ ഒരു യഥാർത്ഥ എസ്എഫ്ഐക്കാരന്റെ ആത്മാർത്ഥയും കരുതലും സ്നേഹവും ഞാൻ കണ്ടു.

യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള യാത്രയിൽ എസ്എഫ്ഐയെ അത്ര തന്നെ സ്നേഹിക്കുകയും എസ്എഫ്ഐ ആഗ്രഹിക്കുന്ന പോലെ ഉയർന്നു ചിന്തിക്കാനും സച്ചിനേട്ടന് സാധിച്ചു.എസ്എഫ്ഐ സംഘടന പ്രവർത്തനം സച്ചിനെന്ന വ്യക്തിയെ നല്ല മനുഷ്യനാക്കി. പ്രതിസന്ധികളിൽ പതറാതെ തീരുമാനങ്ങളിൽ എത്താനും എടുത്ത തീരുമാനം നടപ്പാക്കാനും സഖാവ് കാണിക്കുന്ന കണിശത മാതൃകാപരമാണ്.

സംസ്ഥാന സമ്മേളനം അടുക്കുംതോറും എസ്എഫ്ഐയിൽ നിന്നും വിടവാങ്ങുന്നു എന്ന മാനസിക പ്രയാസം മറ്റാരോടും പറയാതെ മനസ്സിൽ സൂക്ഷിക്കുന്നത് പലതവണ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞാനത് ചോദിച്ച് കൂടുതൽ വിഷമിപ്പിച്ചില്ല. ആ പ്രയാസത്തേക്കാൾ സഖാവ് പ്രധാന്യം നൽകിയത് പുതിയ കേഡർമാരെ ചുമതല ഏൽപ്പിക്കണം എന്ന ഗൗരവമുള്ള ഉത്തരവാദിത്ത്വത്തിലാണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഓരോ ദിവസവും കഴിയുംതോറും അദ്ദേഹത്തിന്റെ ഓരോ ചിന്തകളെയും തോന്നലുകളെയും അടുത്തറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

ഇനിയും ഒരുപാട് ദൂരം നമുക്ക് ഒരുമിച്ച് യാത്ര ചെയ്യണം, നമ്മുടെ പ്രസ്ഥാനത്തെയും ചേർത്ത് പിടിച്ചുള്ള ആ യാത്രകളാവും ജീവിതത്തിലെ ഏറ്റവും സുന്ദരവും അഭിമാനവുമുള്ള ഓർമ്മകളാവുക എന്ന് സച്ചിനേട്ടൻ പറഞ്ഞത് ഓർക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് പ്രയാസമേറിയ സാഹചര്യങ്ങളിൽ ഞാൻ ഉൾപ്പടെയുള്ള സഖാക്കളെയും സംഘടനെയും ധീരമായി നയിച്ചതിനു പ്രിയസഖാവിന് ഹൃദയത്തിൽ നിന്നൊരു ലാൽസലാം.
ബാലുശ്ശേരിയിലെ ജനങ്ങൾക്ക് ഈ “നല്ല മനുഷ്യന്റെ”കരുതൽ എപ്പോഴുമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News