സൈനിക വാഹനാപകടം; മരണമടഞ്ഞ മലയാളി അടക്കമുള്ള 7 ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

ലഡാക്കിൽ ആർമി ബസ് മറിഞ്ഞു മരണമടഞ്ഞ 7 ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 26 സൈനികരെ വഹിച്ചു പോവുകയായിരുന്ന ബസ് ടുർട്ടുക് മേഖലയിലെ ഷ്യോക് നദിയിലേക്ക് മറിഞ്ഞതാണ് അപകടത്തിനു കാരണം.

മരണപ്പെട്ട സൈനികരിൽ മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ്‌ ഷൈജിൽ കൂടിയുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞു; 7 സൈനികർക്ക് വീരമൃത്യു, 19 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർക്ക് വീരമൃത്യു. 19 സൈനികർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം തേടി. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.
തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. റോഡിൽ നിന്ന് 50-60 അടി താഴ്ചയിലുള്ള ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. പർതാപൂറിലേക്ക് വിദഗ്‍ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായി സൈന്യം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here