G R Anil: സംസ്ഥാനത്ത് 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മറ്റും: മന്ത്രി ജി ആര്‍ അനില്‍

അവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി(K Store) മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍(G R Anil) പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടു കിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എ ടി എം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്റ്റോറുകള്‍ക്ക് രൂപം നല്‍കുക. ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വകുപ്പ് രൂപം കൊണ്ട മെയ് 28 സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 99.14 ശതമാനം പേരും കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് നേട്ടമാണ്. ഇതുവഴി അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കുന്നവരെ കണ്ടെത്താനായെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ കാലയളവിനിടെ അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചു പിടിക്കാനും അര്‍ഹരായവര്‍ക്ക് നല്‍കാനും സാധിച്ചു. ദിവസവും ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെ ജീവനക്കാരുടെ പങ്ക് വിലയേറിയതാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ് മന്ത്രി ജി ആര്‍ അനിലും പുതിയ ലോഗോ സാഹിത്യകാരന്‍ പ്രഭാവര്‍മയും പ്രകാശനം ചെയ്തു. വജ്ര ജൂബിലിയുടെ ഔദ്യോഗിക ഗാനത്തിന്റെ റിലീസ് സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റും വകുപ്പിലെ മികച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനം സിനിമാ താരം നന്ദുവും നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് ദിന വീഡിയോ റിലീസും വനിതകള്‍ക്കായുള്ള വീഡിയോ മത്സര പ്രഖ്യാപനവും സംഗീത സംവിധായകന്‍ റോണി റാഫേല്‍ നിര്‍വഹിച്ചു.

സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസ് – ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസ്, മികച്ച സപ്ലൈ ഓഫീസര്‍ – എം എസ് ബീന (ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസര്‍), മികച്ച താലൂക്ക് സപ്ലൈ ഓഫിസ് – മല്ലപ്പള്ളി, മികച്ച താലൂക്ക് സപ്ലൈ ഓഫിസര്‍ സാഹിര്‍ ടി (നോര്‍ത്ത് പറവൂര്‍), മികച്ച റേഷനിങ് ഇന്‍സ്‌പെക്ടര്‍ – സതീഷ് എസ് (പെരിന്തല്‍മണ്ണ) എന്നിവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. കൂടാതെ 50 വര്‍ഷത്തിലധികമായി റേഷന്‍ ഡിപ്പോ ലൈസന്‍സികളിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.
പരിപാടിയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡി സജിത്ത് ബാബു എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel