PC George; പിസി ജോർജിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്.

നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് ഇന്നലെ പറഞ്ഞത്.

33 വർഷമായി നിയമസഭാംഗമായിരുന്ന പി സി ജോർജ് നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂ‍ജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ, അസഭ്യം വിളിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പി.സി ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവർത്തകർ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News