Idava Basheer: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ഗാനമേളയിൽ പാട്ടുപാടുന്നതിനിടെ പ്രശസ്ത സിനിമാ പിന്നണി ഗായകൻ കൊല്ലം സ്വദേശി ഇടവ ബഷീർ(Edava Basheer) (76) കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ പാതിരപ്പള്ളി ക്യാംലോട്ട്‌ കൺവൻഷൻ സെന്ററിൽ ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുന്നതിനിടെ ഇന്നലെ രാത്രി 9.30നാണ്‌ നെഞ്ചുവേദനയെത്തുടർന്ന്‌ കുഴഞ്ഞുവീണത്‌.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്ര ഉത്സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഇടവ ബഷീർ ഗാനമേളയെ ജനകീയമാക്കി. ഇടവ ബഷീർ നാട്ടിലും വിദേശത്തുമായി ആയിരകണക്കിന് വേദികളിൽ ഗാനമേള അവതരിപ്പിച്ചു.

നിരവധി സിനിമകൾക്കുവേണ്ടി ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ചു. കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ജനനം. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു.

സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽനിന്ന്‌ 1972ൽ ഗാനഭൂഷണം നേടി. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്തും പുറത്തും അമേരിക്ക, കാനഡ, സൗദി, യുഎഇയിലും ഗാനമേളകൾ അവതരിപ്പിച്ചു. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി.

1978ൽ ‘രഘുവംശം’ സിനിമയിൽ എ ടി ഉമ്മറിന്റെ സംഗീതസംവിധാനത്തിൽ എസ് ജാനകിയോടൊത്ത് പാടിക്കൊണ്ടായിരുന്നു സിനിമാപ്രവേശം. കെ ജെ ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം മുക്കുവനെ സ്നേഹിച്ച ഭൂതം സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി.

തുടർന്നും സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ഗാനമേളകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.1972ൽ കൊല്ലം സംഗീതാലയക്ക്‌ രൂപം നൽകി. 1996ൽ കൊല്ലത്ത്‌ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങി.ഭാര്യമാർ: റഷീദാൽ ബഷീർ, രഹന ബഷീർ. മക്കൾ ബീമ നസീർ, ഉഷസ്‌ ഇസ്‌മയിൽ, ഉല്ലാസ്‌ ബഷീർ, സ്വീറ്റാ സക്കീർ, ഉന്മേഷ് ബഷീർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News