West nile-fever; എന്താണ് വെസ്റ്റ് നൈല്‍ പനി? ലക്ഷണങ്ങള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുകുജന്യ രോഗങ്ങളിൽ കേരളത്തിന് ഏറെ പരിചയമില്ലാത്ത വെസ്റ്റ് നൈൽ പനി. ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് ഈ അസുഖം വരുത്തുന്നത്. സാധാരണ ഈ വൈറസുകൾ പ്രകൃതിയിൽ നിലനിൽക്കുന്നത് പക്ഷികളിലും കൊതുകുകളിലുമാണ്. എന്നാൽ ഈ വൈറസുകൾ വിവിധ സസ്തനികളിൽ വെസ്റ്റ് നൈൽ പനിക്കു കാരണമാകുന്നു.

ക്യൂലക്‌സ് പിപ്പിന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടത്തുന്നത്. 1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലായിരുന്നു ഇത് ആദ്യമായി കണ്ടെത്തിയത്. സഞ്ചാരികളിലൂടെയായിരിക്കാം ഇത് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്ന് പ്രതീക്ഷിക്കുന്നു.

അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരോട് ഏറ്റവും അടുത്ത് ഇടപെഴകുന്ന കാക്ക ഉള്‍പ്പെടെ 200 ഇനം പക്ഷികള്‍ രോഗവാഹിനികളാണ്. ജീവനുള്ള പക്ഷികളില്‍ നിന്നാണോ ചത്തവയില്‍ നിന്നാണോ വൈറസ് പകരുന്നതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തമായ അറിവുകളൊന്നും ലഭിച്ചിട്ടില്ല.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം. മനുഷ്യന്റെ പ്രതിരോധാവസ്ഥയെ കടന്നാക്രമിക്കുന്ന വെസ്റ്റ് നൈല്‍ വൈറസ് മരണകാരിയാണെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ലക്ഷണങ്ങൾ

വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാൽ 3 ദിവസം മുതൽ 2 ആഴ്ച്ചയ്ക്കുള്ളിൽ സാധാരണഗതിയിൽ മനുഷ്യരിൽ രോഗം വരും. അണുബാധയേൽക്കുന്നവരിൽ 80 ശതമാനം ആളുകൾക്കും രോഗലക്ഷണം ഉണ്ടാകാറില്ല. 20 ശതമാനം ആളുകൾക്ക് വെസ്റ്റ് നൈൽ ബാധ പനിയായി അനുഭവപ്പെടും. പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛർദ്ദി, ചിലരിൽ ശരീരത്തിലെ പാടുകൾ, ഓർമക്കുറവ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈൽ എൻസെഫലൈറ്റിസ് ആവുകയും ചെയ്യുന്നു. മരണം സംഭവിക്കാൻ സാധ്യതുയുള്ളതാണ് ഈ രോഗാവസ്ഥ.

കാരണങ്ങൾ

പക്ഷി വർഗങ്ങളുടെ രക്തം ഇഷ്ടപ്പെടുന്ന, രാത്രിയിൽ രക്തം തേടുന്ന തരം കൊതുകുകളാണ് ഈ അസുഖം പരത്തുക. ഇന്ത്യയിൽ ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് പൈപിയൻസ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകർ. വൈറസ് വാഹകരായ പക്ഷികളെ ഈ കൊതുകുകൾ രക്തത്തിനായി കുത്തുമ്പോൾ, വൈറസ് കൊതുകുകളുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും, പിന്നീട്‌ മറ്റു സസ്തനികളിലേക്കു പകർത്താനും, മുട്ട വഴി അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനും ഇടവരുന്നു. 14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുക. ഈ അസുഖത്തിന്‌ പ്രതിരോധ മരുന്നോ, വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നോ ലഭ്യമല്ല. അതുകൊണ്ടു തന്നെ രോഗ പ്രതിരോധമാണ് അസുഖം വരാതിരിക്കാൻ ആവശ്യം.

പ്രതിരോധം എങ്ങനെല്ലാം

1. രാത്രി കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുക
2. ക്യൂലക്സ് കൊതുകുകളെ നശിപ്പിക്കുക
3. പരിസരം വൃത്തിയായി സൂക്ഷിക്കുക
4. ശരീരം മുഴുവൻ മറക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക
5. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുക
6. സ്വയം ചികിത്സ ഒഴിവാക്കുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News