Thrikkakkara: തൃക്കാക്കരയെ ആവേശക്കൊടുമുടിയേറ്റി പരസ്യ പ്രചാരണത്തിന് സമാപനമായി

തൃക്കാക്കരയില്‍ ആവേശ കൊടുമുടിയില്‍ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഒരു മാസത്തെ പ്രചരണ ആവേശം ഉള്‍ക്കൊള്ളുന്നതായിരുന്നു സമാപനം. കലാശക്കൊട്ടില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്. ഒരു മാസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയ കൊട്ടിക്കലാശം. ഉച്ചയോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ പാലാരിവട്ടം ജംഗ്ഷനിലേക്ക് പ്രവഹിച്ചു.

തുടര്‍ന്ന് 3 മണി മുതല്‍ 6 മണി വരെ ഉല്‍സവ ലഹരിയിലായിരുന്നു തൃക്കാക്കര. ഇടത് ക്യാമ്പില്‍ പ്രവര്‍ത്തകരുടെ ആവേശ കടലിന് നടുവിലൂടെ ഡോ. ജോ ജോസഫ് ക്രെയ്നില്‍ കയറി ചെങ്കൊടി വീശിയത് ആവേശ തിരയിളക്കമാണ് സൃഷ്ടിച്ചത്. മുദ്രാവാക്യം വിളികളും പ്രവര്‍ത്തകരും പാട്ടും നൃത്തവും വാദ്യഘോഷങ്ങളും കൊട്ടിക്കലാശത്തെ ഉത്സവ പ്രതീതിയിലാഴ്ത്തി. ആയിരങ്ങള്‍ ഒത്തുകൂടിയ ഇടത്ത് ക്രമസമാധാനം കൃത്യമായി പാലിക്കാന്‍ പൊലീസിന് സാധിച്ചു എന്നതും ശ്രദ്ധേയമായി.

Thrikkakkara: തൃക്കാക്കരയെ ആവേശക്കടലാക്കി കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികള്‍

കൊട്ടിക്കലാശത്തിനിടയിലും വന്‍ വിജയപ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്- യുഡിഎഫ് ക്യാമ്പുകള്‍. എല്‍ഡിഎഫ് വിജയം ഉറപ്പാണെന്ന് കോടിയേരി ബാലകൃഷ്ണനും ചരിത്രവിജയം നേടുമെന്ന് ഇ പി ജയരാജനും കൈരളി ന്യൂസിനോട് പ്രതികരിച്ചു. വിജയപ്രതീക്ഷയെന്ന് വി ഡി സതീശനും പ്രതികരിച്ചു.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നായിരുന്നു കൈരളി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. വികസനത്തിന് ജനം വോട്ട് ചെയ്യും. സ്ഥാനാര്‍ത്ഥിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും കോടിയേരി കൈരളി ന്യൂസിനോട് പറഞ്ഞു.

തൃക്കാക്കരയിലെ ഇടതുപക്ഷ വിജയം ഒരു ചരിത്രവിജയമായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തരിപ്പണമാകുമെന്നും എല്‍ഡിഎഫ് കലാശക്കൊട്ടിനെത്തിയ ഇ പി ജയരാജന്‍ പറഞ്ഞു.ഇടത് മുന്നണിക്കെതിരെ കടുത്ത ആക്ഷേപങ്ങളുയര്‍ത്തിയ വി ഡി സതീശന്‍ ഭൂരിപക്ഷം കൂട്ടുമെന്നും കടുത്ത ആത്മവിശ്വാസത്തിലാണെന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here