Dubai: ആഗ്രഹം സഫലമായി; ആര്യയ്ക്കും അര്‍ച്ചനയ്ക്കും ഒപ്പം അലിഫ് ദുബായിലെത്തി

ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫിന്റെ ദുബായ്(Dubai) കാണുവാനുള്ള ആഗ്രഹം സഫലമായി. അതിരില്ലാത്ത സൗഹൃദത്തിന്റെ കരങ്ങളിലേറി കഴിഞ്ഞ ദിവസം അലിഫ് യുഎഇയിലെത്തി(UAE). ലോകത്തെ ഏറ്റവും വലിയ കെട്ടിടവിസ്മയത്തിന് മുന്നില്‍ നിന്നും ദുബായ് ഫോട്ടോ ഫ്രെയിമിന് അരികില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോയെടുത്തു. മാസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ മലയാളികളുടെ ടൈംലൈനില്‍ നിറഞ്ഞു നിന്ന സൗഹൃദങ്ങളെ അങ്ങനെ ദുബായ് ഇരുകയ്യും നീട്ടി സ്വീകരിച്ചു.

അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളില്‍(Social media) ഏറെ ജനശ്രദ്ധ നേടിയ വീഡിയോയിലെ സാന്നിധ്യങ്ങളാണ് അലിഫ്, അര്‍ച്ചന,ആര്യ എന്നിവര്‍. അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ എടുത്ത് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

തളര്‍ന്ന കാലുകള്‍ക്ക് പകരം താങ്ങായ അതിരില്ലാ സൗഹൃദത്തിന് സമൂഹത്തിന്റെ വിവിധ തുറകളില്‍ വലിയ പ്രശംസയാണ് അന്ന് ലഭിച്ചത്. വിവിധ മീഡിയകളില്‍ ഇവരുടെ സൗഹൃദത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. ഫോട്ടോഗ്രാഫറും സുഹൃത്തുമായ ജഗത്ത് തുളസീധരന്‍ ആയിരുന്നു ഈ വൈറല്‍ വീഡിയോ പകര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റേഡിയോ ഇന്റര്‍വ്യൂവിലാണ് ദുബായ് കാണാന്‍ ആഗ്രഹം ഇവര്‍ അറിയിച്ചത് . ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സ്മാര്‍ട്ട് ട്രാവല്‍ എം ഡി അഫി അഹ്മദാണ് എല്ലാം ചെലവും ഏറ്റടുത്ത് ദുബായ് കാണാന്‍ കൊണ്ടുവന്നത് .

വിവിധ കാഴ്ചകള്‍ കാണാന്‍ 6 ദിവസം ഇവര്‍ യുഎഇയിലുണ്ടാകും. മുസന്ദം യാത്ര ,സിറ്റി ടൂര്‍, ഡിസെറ്റ് സഫാരി അടക്കം നിരവധി നിമിഷങ്ങളില്‍ ഇവര്‍ പങ്കാളികള്‍ ആകും. ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. അലിഫിനൊപ്പം ഉമ്മ സീനത്തും കൂടെ എത്തിയിട്ടുണ്ട്.

ഇതിനും മുന്‍പും തീര്‍ത്തും സൗജന്യമായി യുഎഇ കാഴ്ചകള്‍ കാണാന്‍ നിരവധി പേരെ അഫി അഹ്മദ് ഇവിടെ എത്തിച്ചിട്ടുണ്ട്. പ്രളയദുരിത സമയത്ത് മാതൃകയായ നൗഷാദിനെയും കുടുംബത്തെയും, ദുബായ് കാണാന്‍ ആഗ്രഹം അറിയിച്ച ഫിദ ഫാത്തിമയ്‌ക്കൊപ്പം 10 പാവപ്പെട്ട പ്രവാസികളുടെ കുട്ടികളെയും സ്മാര്‍ട്ട് ട്രാവല്‍ ദുബായിലേക്ക് കൊണ്ട് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News