Vijay Babu: യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു മറ്റന്നാള്‍ കൊച്ചിയിലെത്തിയേക്കും

പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു(Vijay Babu) മറ്റന്നാള്‍ കൊച്ചിയിലെത്തിയേക്കും. ഇന്നത്തെ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കിയ വിജയ് ബാബു ബുധനാഴ്ചയെത്തുന്ന ദുബായ് കൊച്ചി വിമാനത്തിന് വീണ്ടും ടിക്കറ്റെടുത്തു. അതേ സമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി(Highcourt) നാളത്തേക്ക് മാറ്റി.കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.

വിജയ് ബാബു നാട്ടിലെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതെത്തുടര്‍ന്ന് ഈ മാസം 30 ന് മടങ്ങിയെത്തുമെന്നറിയിച്ച വിജയ് ബാബു കോടതി നിര്‍ദ്ദേശപ്രകാരം മടക്കയാത്രാ ടിക്കറ്റിന്റെ കോപ്പി കോടതിയില്‍ ഹാജരാക്കി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രാഥമിക വാദം കേട്ടു. കേസെടുത്തത് അറിയാതെയാണ് താന്‍ രാജ്യം വിട്ടതെന്നായിരുന്നു വിജയ് ബാബുവിന്റെ വാദം. എന്നാല്‍ ഈ വാദം കളവാണെന്നും കേസെടുത്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് ദുബായിലേയ്ക്ക് കടന്നതെന്നും നിയമത്തില്‍ നിന്ന് ഓടിയൊളിക്കുന്ന ആളാണ് വിജയ് ബാബുവെന്നും പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം , കോടതി നിര്‍ദ്ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇന്നത്തെ യാത്ര വിജയ് ബാബു റദ്ദാക്കുകയായിരുന്നു.ഇതിനിടെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ഇതെത്തുടര്‍ന്ന് വിജയ് ബാബു വീണ്ടും മടക്കയാത്രാ ടിക്കറ്റെടുക്കുകയായിരുന്നു. ബുധനാഴ്ചയെത്തുന്ന ദുബായ് കൊച്ചി വിമാനത്തിനാണ് ടിക്കറ്റെടുത്തിരിക്കുന്നത്.

അതേ സമയം 30 ന് മടങ്ങിയെത്തുമെന്ന് അറിയിച്ച് നല്‍കിയ ഉറപ്പ് വിജയ് ബാബു ലംഘിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി കോടതി തീരുമാനത്തിന് കാത്തു നില്‍ക്കുകയാണ് അന്വേഷണ സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News