‘മെച്ചപ്പെടുന്നുണ്ട്, വളരെ വളരെ മെച്ചപ്പെടുന്നുണ്ട്’; വാര്‍ത്താവതാരകന്റെ മാപ്പപേക്ഷയെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍

കോണ്‍ഗ്രസിനെ ന്യായീകരിച്ചും എല്‍ഡിഎഫിനെ ആക്ഷേപിച്ചും ചര്‍ച്ച നടത്തിയ വിഷയത്തില്‍ വീണ്ടും മാപ്പപേക്ഷയുമായി മനോരമ. വി ഡി സതീശന്റെ അശ്ലീലവീഡിയോ പ്രസ്താവനയെ വെള്ള പൂശാനായിരുന്നു മനോരമ എഡിറ്റോറിയല്‍ ചര്‍ച്ചയില്‍ അവതാരകന്റെ ശ്രമം. എന്നാല്‍, നീക്കം പൊളിഞ്ഞതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയാണ് മനോരമ. ഈ ആഴ്ച്ച ഇത് രണ്ടാമത്തെ മാപ്പപേക്ഷയുമായാണ് മനോരമ രംഗത്തെത്തിയത്. മനോരമയുടെ ഈ ഏറ്റു പറച്ചിലുകളെ ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍. പരിഹാസ രൂപേണയുള്ള ഒരു കഥയായിട്ടാണ് അദ്ദേഹം മനോരമയുടെ ചര്‍ച്ചയെ ട്രോളിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മനോരമ വളരെ മെച്ചപ്പെടുന്നുണ്ട്.
…………………………………………
പണ്ടുപണ്ടെപ്പോഴോ ഒരിടത്തൊരിടത്തൊരിസ്‌കൂളില്‍ ഒരു കുടവയറന്‍ ഏ.ഇ.ഒ. വന്നു.
ഞാന്‍ ഏഡ് മാഷായതില്പിന്നെ കുട്ടികളൊക്ക കണക്കില്‍ അടിവെച്ചടിവെച്ച് കേറ്റമാണെന്നാണ് കണക്ക് മാഷായ
സുധാകരന്‍ മാഷിന്റെ കണക്ക്.
എന്നാപ്പിന്നെ കുട്ടികളോട് ത്തിരി കണക്ക് ചോദിച്ചുകളയാമെന്ന് കണക്ക് കൂട്ടി, അയ്യപ്പന്‍ ഏ.ഇ.ഓ.
‘ദ്വിമാന സമവാക്യത്തിന്റെ സാമാന്യ രൂപമെന്ത്?’
അത്ര കട്ടിവേണ്ടെന്നായപ്പോള്‍ നന്നായി കട്ടികുറച്ചു ചോദിച്ചു കൊടുത്തു.
‘ആറുമെട്ടും ഗുണിച്ചാലെത്രയാ?’
പിന്‍ ഡ്രോപ് സൈലന്‍സ്.
പിന്ന് കൊണ്ട് കുത്തും പോലെ കണക്ക് മാഷ് പിന്നിലൊന്ന് കുത്തിയപ്പോള്‍ പിന്‍ബെഞ്ചിലെ സതീശന്‍ എണീറ്റു.
പഠിച്ചു പറയുന്ന കുട്ടിയാണ്…നോട്ട് ദ പോയിന്റ്.
‘സാര്‍…ആറ് ഗുണം എട്ട് സമം അറുപത്തെട്ട്.’
ഏ.ഇ.ഓന്‍ ഉത്തരം നോക്കി നിന്നു പോയ്;
മോന്തായത്തില്‍ത്തന്നെ ചെറിയൊരു വളവുണ്ട്.
അടുത്തവന്‍ പറയൂ എന്നായപ്പോള്‍ അടുത്ത കണക്ക് പറഞ്ഞു ശിവരാമന്‍.
‘ആറ് ഗുണം എട്ട് സമം എണ്‍പത്താറല്ലേ സാര്‍?’
‘ദെന്താ മാഷേ?’
അയ്യപ്പന്‍ ഏ.ഇ.ഒ. ചോദ്യമായപ്പോള്‍ കണക്ക് മാഷ് നിലപാട് വ്യക്തമാക്കി.
‘മെച്ചപ്പെട്ടിട്ടുണ്ട് സര്‍…വളരെ, വളരെ മെച്ചപ്പെട്ടിട്ടുണ്ട്.’
ഞാനിവിടെ വരുന്ന കാലത്തൊക്കെ ആറുമെട്ടും ഗുണിച്ചാലെത്രയാ?
ന്നൊക്കെ ചോദിച്ചാല്‍…ഇവരെന്താ പറഞ്ഞിരുന്നേ ന്നറിയോ?
‘കണ്ട &*^%$ മക്കളെപ്പോലെ ചോദ്യം ചോദിക്കുന്നത് കണ്ടാ?’
ന്നൊക്കെ അടുത്തിരിക്കുന്നവനോട് തെറ്റാണ്ട് ചോദിച്ചിരുന്ന കുട്ട്യോളാ.
‘മെച്ചപ്പെടുന്നുണ്ട് മാഷേ…വളരെ മെച്ചപ്പെടുന്നുണ്ട്.’
ഏ.ഇ.ഒ. ചെറിയൊരിടവേളയെടുത്തു.
Short Commercial Break.
അയ്യപ്പദാസിന്റെ മാപ്പ് കണ്ടപ്പോള്‍ അറിയാതെ ഓര്‍ത്തുപോയതാണ്.
മാപ്പാക്കണം.
മെച്ചപ്പെടുന്നുണ്ട്;
മനോരമ വളരെ, വളരെ മെച്ചപ്പെടുന്നുണ്ട്.
പ്രേംകുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here